നേപ്പാള്‍ ഭൂചലനം…എവറസ്റ്റ് മൂന്ന് സെന്‍റിമീറ്റര്‍ നീങ്ങിയതായി റിപ്പോര്‍ട്ട്

ബീജിംഗ്: നേപ്പാളിനെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയ്ക്ക് സ്ഥാനചലനമുണ്ടായതായി റിപ്പോര്‍ട്ട്.

ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടി മൂന്ന് സെന്റിമീറ്റര്‍(1.2 ഇഞ്ച്) തെക്ക് പടിഞ്ഞാറോട്ട് നീങ്ങിയതായാണ് ‘ചൈന ഡെയ്‌ലി’ പറയുന്നത് . ഏപ്രിലില്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനുശേഷമാണ് എവറസ്റ്റിന് സ്ഥാനചലനമുണ്ടായത്. എന്നാല്‍ മെയ് 12ന് 7.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം എവറസ്റ്റിന്റെ സ്ഥാനം മാറ്റിയതുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂചലനത്തിന് മുമ്പ് വരെ എവറസ്റ്റ് പ്രതിവര്‍ഷം നാലു സെന്റിമീറ്ററെന്ന കണക്കില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 40 സെന്റിമീറ്ററോളം വടക്കു കിഴക്കോട്ടു നീങ്ങിയിരുന്നു. ഇതേക്കാലയളവില്‍ എവറസ്റ്റിന് മൂന്ന് സെന്റിമീറ്ററോളം ഉയരം കൂടുകയും ചെയ്തു. ഭൂചലനം എവറസ്റ്റില്‍ കനത്ത ഹിമപാതത്തിന് കാരണമാകുകയും ബേസ് ക്യാംപിലുണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ എവറസ്റ്റ് പര്‍വതാരോഹണം പൂര്‍ണമായും റദ്ദാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: