ഡബ്ലിന്‍: ജൂലൈ ആദ്യം പുതിയ പോസ്റ്റല്‍ കോഡ് സംവിധാനം നടപ്പിലാകുമെന്ന് റിപ്പോര്‍ട്ട്. വീടുകള്‍, ബിസ്നസ് സ്ഥാപനങ്ങള്‍ തുടങ്ങി 2.2 മില്യണ്‍ കെട്ടിടങ്ങള്‍ക്ക് പുതിയ മേല്‍വിലാസമാകും ഇതോടെ. “Eircode” എന്ന് വിളിക്കുന്ന പുതിയ സംവിധാനം കമ്മ്യൂണിക്കേഷന്‍ റഗുലേഷന്‍ പോസ്റ്റ് സര്‍വീസ് ഭേദഗതി ബില്‍ 2015 പാസാകുന്നതോടെ നിലവില്‍ വരികയാണ് ചെയ്യുക. നിലവില്‍ ബില്‍ കമ്മിറ്റി തലത്തിലാണ്. ഈ മാസം അവസാനം ഇത് പാര്‍ലമെന്‍റ് പാസാക്കുമെന്നാണ് കരുതുന്നത്. ജൂലൈ ആറാണ് നിയമം നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയം.
ഇതോടെ സംവിധാനം നടപ്പാക്കുന്ന കമ്പനി “Eircode” 2.2 വരുന്ന വിലാസങ്ങളിലേക്ക് പുതിയ പോസ്റ്റല്‍ കോഡുകള്‍ എന്താണെന്ന് വ്യക്തമാക്കി കത്തെഴുതും . ആദ്യമായാണ് രാജ്യത്ത് പോസ്റ്റല്‍ കോഡ് സംവിധാനം വരുന്നത്. ഡബ്ലിനില്‍ ജില്ലാ കോഡുകള്‍ ഉള്ളതാണ് ഇതിന് മുമ്പ് ചൂണ്ടികാണിക്കാവുന്ന ഇത്തരമൊരു രീതി. പുതിയ സംവിധാനത്തിന് ഇരുപത് മില്യണ്‍ യൂറോ ആണ് ഇതുവരെ ചെലവായിരിക്കുന്നത്. കാപിറ്റല്‍ അയര്‍ലന്‍ഡാണ് കോഡുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ സബ്സിഡിയറി സ്ഥാപനമാണ് എര്‍കോഡ്. പുതിയ സംവിധാനത്തിന് തുടക്കമിടുന്നത് കമ്മ്യൂണിക്കേഷന്‍ മന്ത്രി അലക്സ് വൈറ്റ് ആയിരിക്കും.
ഏഴ് ഡിജിറ്റുകളുള്ള കോഡായിരിക്കും എല്ലാവര്‍ക്കും ലഭിക്കുക. ആദ്യം മൂന്ന് ഡിജിറ്റില്‍ ഒരു അക്ഷരവും രണ്ട് അക്കങ്ങളും ഉണ്ടായിരിക്കും. ഇത് രാജ്യത്തെ പ്രധാന റൂട്ടുകളെ അടിസ്ഥാനപ്പെടുത്തിയും മേഖല തിരിച്ചറിയുന്നതിനും വേണ്ടിയാകും. അടുത്ത നാല് ഡിജിറ്റ് അക്കളും അക്ഷരങ്ങളും കലര്‍ന്നായിരിക്കും. ഇത് ഓരോ വിലാസത്തിനും വ്യത്യസ്തമായ കോഡ് നല്‍കുന്നതിനുള്ളതാണ്. ഡബ്ലിനില്‍ പഴയ കോഡിന്‍റെ ഭാഗങ്ങള്‍ നിലനിര്‍ത്തുന്നുണ്ട് പുതിയ സംവിധാനം വരുമ്പോഴും. ഉദാഹരണത്തിന് Finglas ഇല്‍ D11 ഉം, Phibsboroഇല്‍D07 ഉം കോഡിന്‍റെ ഭാഗമായി തുടരും. ഡബ്ലിനിലെ പോസ്റ്റ് കോഡ് 6W എന്നത് D06W എന്നായിമാറും.
ഇരുപതോളം വിത്യസ്ത ഡാറ്റാ ബേസുകളില്‍ നിന്നായിട്ടാണ് 2.2 വിലാസങ്ങള്‍ “Eircode” തിരിച്ചറിഞ്ഞത്. രാജ്യത്തെ 35ശതമാനം വിലാസങ്ങളും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും സ്ഥാപനം അവകാശപ്പെടുന്നു. അതേ സമയം പുതിയ രീതിയെ പിന്‍പറ്റില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് മേഖലകളില്‍ നിന്നുള്ള യൂണിയനുകള്‍ പറയുന്നു. റോഡുകളുടെ വളവ് തുടങ്ങി സേവനം നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ കോഡില്‍ നിന്ന് ലഭ്യമല്ലെന്നതാണ് കാരണം. കൊറിയര്‍ കമ്പനികളും സമാനമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇത് കൂടാതെ കോഡിലെ ക്രമമില്ലായ്മയും ചൂണ്ടികാണിക്കുന്നുണ്ട്. തൊട്ടടുത്തുള്ളവരുടെ വിലാസവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് കോഡെന്നും ചൂണ്ടികാണിക്കുന്നുണ്ട്.