ഡബ്ലിനില്‍ നടപടി ശക്തമായതോടെ മോഷ്ടാക്കള്‍ കോര്‍ക്കിലേക്ക്…കവര്‍ച്ചാ കേസുകളില്‍ വന്‍ വര്‍ധന

ഡബ്ലിന്‍: ഡബ്ലിനില്‍ പോലീസ് കവര്‍ച്ചക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെ കുറ്റവാളികള്‍ കോര്‍ക്കിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ചതായി പോലീസ് അധികൃതര്‍. കോര്‍ക്ക് സിറ്റിയിലും സമീപ പ്രദേശത്തുമായി ഇതോടെ കവര്‍ച്ചകള്‍ വര്‍ധിച്ചത് 54% ആണെന്നും വ്യക്തമാക്കുന്നു. കോര്‍ക്കില്‍ കൂടി ഗാര്‍ഡ നടപടികള്‍ ശക്തമാക്കേണ്ട സാഹചര്യത്തിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.  ഗാര്‍ഡയുടെ ചീഫ് സുപ്രണ്ട് മൈക്കിള്‍ ഫിന്‍ വ്യക്തിമാക്കിയത് പ്രകാരമാണെങ്കില്‍ ഈവര്‍ഷം കോര്‍ക്ക് സിറ്റി ഗാര്‍ഡ ഡിവിഷനില്‍ ഇതുവരെ 262 കവര്‍ച്ചകള്‍( വീടോ സ്ഥാപനമോ കുത്തിതുറുന്നുള്ള മോഷണങ്ങള്‍) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 170 കേസുകളെ ഉണ്ടായിരുന്നുള്ളൂ.

മാര്‍ച്ച് മാസമാണ് ഏറ്റവും കൂടുതല്‍ കവര്‍ച്ച നടന്നിരിക്കുന്നത്  121 കവര്‍ച്ചാ കേസുകള്‍ മാര്‍ച്ചില്‍ മാത്രമായി നടന്നു. ഈ സമത്ത് ഡബ്ലനില്‍ കവര്‍ച്ച തടയുന്നതിന്  ഗാര്‍ഡ ഓപറേഷന്‍ ശക്തിപ്പെടുത്തിയിരിക്കുകയുമായിരുന്നെന്ന്  ഫിന്‍ വ്യക്തമാക്കുന്നു.   കടകളില്‍ നിന്നുള്ള മോഷണം മാര്‍ച്ചിനും മേയ്ക്കും ഇടയില്‍ വര്‍ധിച്ചു. കോര്‍ക്ക് സിറ്റിക്ക് പുറത്ത് നിന്ന് ക്രിമിനലുകള്‍ പ്രദേശത്തേക്ക് എത്തുന്നതാണ് ഇതിന് കാരണം.  കടകളിലെ മോഷണം കഴിഞ്ഞ വര്‍ഷ ഇതേ സമയം 385ആയിരുന്നത് ഇക്കുറി  490 ലേയ്ക്ക് കുത്തനെ വര്‍ധിച്ചു.   നിരക്ക് കൂടികൊണ്ടിരുന്നതില്‍ കുറവ് വരുന്നതാണ്  ഏക ആശ്വസമെന്നും ഫിന്‍ വ്യക്തമാക്കുന്നു.  കടകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കോര്‍ക്ക് ബിസ്നസ് അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സിറ്റി സെന്‍റര്‍മേഖലയുടെ ചുമതലയുള്ള സൂപ്രണ്ട് ടോം മേയേഴ്സ് വ്യക്തമാക്കുന്നു. ഗാര്‍ഡ റോന്തുചുറ്റല്‍ വര്‍ധിപ്പിക്കുകയാണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കവര്‍ച്ചകുറയ്ക്കാന്‍ ആവശ്യമാമെന്നും ടോം പറയുന്നു.

വ്യക്തികളില്‍ നിന്ന് മോഷണം നടത്തുന്നത് കൂടുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് ശതമാനം വര്‍ധനയാണ് ഉള്ളത്.   299 കേസുകളാണ് മാര്‍ച്ച്-മേയ് മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. 221 ആയിരുന്നു 2014 ല്‍.  മോഷണങ്ങള്‍ പ്രധാനമായും നടക്കുന്നത് രാത്രിയിലാണ്. വീട്ടുകാര്‍ പുറത്ത് ഉല്ലസിക്കുന്നതിന് പോകുകയോ സുരക്ഷ കുറയുകയോ ചെയ്യുമ്പോഴാണ് മോഷണം പ്രധാനമായും നടത്തുന്നത്. പോലീസിന് ഇപ്പോഴും പരിഹരിക്കാന്‍ കഴിയാതെ തുടരുന്ന വിഷയമാണ് കവര്‍ച്ചകളെന്നും വ്യക്തമാക്കുന്നു.  ഹാന്‍ഡ്ബാഗ് , മൊബൈല്‍ മോഷണങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ആഴ്ച്ചാവസാനം സിറ്റി സന്‍ററിലെത്തുന്നവരുടെ മൊബൈലുകള്‍ മോഷ്ടിക്കാന്‍ മുതിര്‍ന്ന കൗമാരപ്രായക്കാരുടെ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം ആശങ്ക ഉളവാക്കുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്.

വാഹനമോഷണം ഇരുപത് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 221 ല്‍ നിന്ന് 229ലേക്ക് കേസുകള്‍ വര്‍ധിച്ചു.  വാഹനമോഷണവുമായി ബന്ധപ്പെട്ട് പ്രധാന കണ്ണികളിലൊരാളെ പിടികൂടിയിട്ടുണ്ട്.  ഇതോടെ ഇക്കാര്യത്തില്‍ കുറവ് സംഭവിക്കുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്. വടക്കന്‍ കോര്‍ക്കില്‍ നിന്നും തെക്കന്‍ ലിമെറിക്കില്‍ നിന്നുമായി മോഷ്ടിച്ച കൃഷി ഉപകരണങ്ങള്‍ €25,000 വരെ വിലവരുന്നത് പിടിച്ചെടുത്തിട്ടുണ്ട്. ഇവ കഴിഞ്ഞ ആഴ്ച്ചകളിലൊന്നിലാണ് മോഷണം പോയത്.  കാര്‍ഷിക ഉപകരണങ്ങളുടെ മോഷണം Mallow മേഖലയില്‍ വര്‍ധിച്ചതോടെ ഇവ കണ്ടെത്താനായി പ്രത്യേക നടപടി ആരംഭിച്ചിരുന്നു.   മോഷണ സാമിഗ്രികള്‍ കര്‍ഷകര്‍ക്ക് തന്നെ വിലകുറച്ച് വില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  €15,000യുടെ  ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസവും പിടിച്ചെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: