ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റി വെച്ചില്ലെങ്കില്‍ ജലവിതരണം തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍. പ്രശ്നം പരിഹരിക്കുന്നത് വരെ ജലവിതരണം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം വരുന്ന ജലവിതരണ കണക്ഷനുകളിലെ ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരം നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുള്ളത്.
സ്കൂളുകള്‍ ആശുപത്രികള്‍, പബുകള്‍ തുടങ്ങി എല്ലായിടത്തും ലെഡ് പൈപ്പുകള്‍ മാറ്റേണ്ടതുണ്ട്. 1970വരെ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളിലും ലെഡ് പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ലെഡ് വെള്ളത്തില്‍ അലിയുന്നത് മൂലം ശരീരത്തിലെത്തുകയും കുട്ടികളുടെബുദ്ധി വികാസത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ഐറിഷ് വാട്ടറിന് വിഷയത്തില്‍ ജലവിതരണം തടയുന്നിന് അധികാരമുണ്ട്. എന്നാല്‍ ഇതുവരെയായും അധികാരം ഉപയോഗപ്പെടുത്തിയിട്ടില്ല.
ലെഡുമായി ബന്ധപ്പെട്ട പ്രശ്നം ഉപഭോക്താക്കളെ അറിയിക്കുകയും ബോധവാന്മാരാക്കുകയുമാണ് ഐറിഷ് വാട്ടറിന്‍റെ ഉദ്ദേശമെന്നും നടപടി എടുക്കണമെന്ന് ഉപദേശിക്കുകയാണെന്നും സ്ഥാപനത്തിന്‍റെ വക്താക്കള്‍ പറയുന്നു. ജലവിതരണം തടയുമെന്ന മുന്നറിയിപ്പ് ഫലത്തില്‍ സര്‍ക്കാരിന് തലവേദന ആവുകയാണ്. വരുമാനം കുറഞ്ഞ വിഭാഗത്തിന് പൈപ്പ് മാറ്റുന്നതിന് ഗ്രാന്‍റ് അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഐറിഷ് വാട്ടറിന്‍റെ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ ഗ്രാന്‍റ് വേഗത്തില്‍ അനുവദിക്കേണ്ടി വരും. കൂടാതെ ഗ്രാന്‍റ് നല്‍കുന്നത് കോമേഴ്സ്യല്‍ കെട്ടിടങ്ങള്‍ക്ക് ഗ്രാന്‍റ് ബാധകമാക്കുമോ എന്നതും വ്യക്തത ഇല്ലാതെ തുടരുകയാണ്. പത്ത് വര്‍ഷം വരെ ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സമയമെടുക്കുമെന്നാണ് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നത്. മൂന്നൂറ് മില്യണ്‍ യൂറോ വരെയെങ്കിലും ചെലവും വരും. പ്രോപ്പര്‍ട്ടിക്ക് അകത്തുള്ള പൈപ്പുകള്‍ മാറ്റേണ്ടത് പ്രോപ്പര്‍ട്ടി ഉടമകളുടെ തന്നെ ഉത്തരവാദിത്തമാണ്.