ഡബ്ലിന്‍: പെനാല്‍റ്റി പോയ്ന്‍റുകള്‍ ലഭിച്ചതിന് ശേഷം കോടതിയില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ഹാജരാക്കാതെ മുങ്ങി നടക്കുന്നവരെ ഉദ്ദേശിച്ച് ഗാര്‍ഡ നടപടികള്‍ക്ക് ഒരുങ്ങുന്നു. പെനാല്‍റ്റി പോയ്ന്‍റ് ലഭിച്ചാലും എഴുപത്തിരണ്ട് ശതമാനം ഡ്രൈവര്‍മാരും ലൈസന്‍സ് ഹാജരാക്കി അവ രജിസ്റ്റര്‍ ചെയ്യുന്നതിന് തയ്യാറാകുന്നില്ല. കഴിഞ്ഞ പതിനഞ്ച് മാസത്തെ കണക്കുകളും ഇത് വ്യക്തമാക്കുന്ന സ്ഥിതിക്ക് നടപടിക്ക് ഒരുങ്ങുകയാണ് ഗാര്‍ഡ. ഗതാഗതമന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡാണ് നടപടിക്ക് ഉത്തരവിട്ടത്.
20,000 പേരെങ്കിലും ലൈസന്‍സ് ഹാജരാക്കാന്‍ പരാജയപ്പെട്ടിട്ടുണ്ട്. രണ്ടായിരം രൂപ പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷയെങ്കിലും ഡ്രൈവര്‍മാര്‍ ഇവയെല്ലാം അഗണിക്കുന്ന രീതിയാണ് തുടരുന്നത്. വിഷയത്തില്‍ ഗാര്‍ഡ ഇതുവരെയും ശക്തമായ നടപടിക്ക് മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ശക്തമായ നടപടിക്കാണ് തീരുമാനം. ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ പ്രത്യേകം ലക്ഷ്യമിടാനും നീക്കമുണ്ട്.
ഏഴ് കോടതി പരിധികളിലാകും ആദ്യ നടപടികള്‍, ലിമെറിക്, ലിതറിം എന്നിവിടങ്ങളില്‍ തൊണ്ണൂറ് ശതമാനം ഡ്രൈവര്‍മാരും ലൈസന്‍സ് ഹാജരാക്കുന്നില്ല. കെറിയിലും കില്‍ക്കെന്നിയിലും ഇത് 89ശതമാനം വരെയാണ്. 28,387 പേരോടാണ് കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ പെനാല്‍റ്റി പോയ്ന്‍റ് രേഖപ്പെടുത്താന്‍ ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. 8,059 പേര്‍മാത്രമാണ് ലൈസന്‍സ് ഹാജരാക്കിയത്.