ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു രാജ്പഥില്‍ നടന്ന ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിച്ചില്ലെന്ന പരാതിയില്‍ വിവാദം കൊഴുക്കുന്നു. ബിജെപി നേതാവ് രാം മാധവാണ് അന്‍സാരിയുടെ അസാന്നിധ്യത്തെക്കുറിച്ചു ചോദ്യങ്ങള്‍ ആദ്യം ഉന്നയിച്ചത്. ട്വിറ്ററിലായിരുന്നു രാം മാധവിന്റെ പ്രതികരണം. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഉപരാഷ്ട്രപതി വിട്ടുനിന്നതെന്ന വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു.
എന്നാല്‍, ഉപരാഷ്ട്രപതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ക്ഷണിക്കാത്തതിനാലാണു ചടങ്ങില്‍ എത്താതിരുന്നതെന്നും ഓഫീസ് അറിയിച്ചു. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും മറ്റു വിശിഷ്ട വ്യക്തികളും അണിനിരന്ന രാജ്പഥിലെ ആഘോഷങ്ങളില്‍ എന്തുകൊണ്ട് ഉപരാഷ്ട്രപതിയെ ക്ഷണിച്ചില്ലെന്ന് ഇതോടെ ചോദ്യമുയര്‍ന്നു.
എന്നാല്‍, പ്രധാനമന്ത്രി മുഖ്യാതിഥിയായ ചടങ്ങില്‍ ഉപരാഷ്ട്രപതിയെ ക്ഷണിക്കേണ്ട കാര്യമില്ലെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രമന്ത്രി ശ്രീപദ് നായിക്കാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാല്‍, പതിവായി യോഗ ചെയ്യുന്ന ഹാമിദ് അന്‍സാരി പ്രോട്ടോക്കോള്‍ മാനദണ്ഡമാക്കാതെ തന്നെ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നുവെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് സൂചിപ്പിക്കുന്നു.
-എജെ-