ന്യൂഡല്‍ഹി: വാഗ്ദ്ധാനങ്ങള്‍ പാലിച്ച് എഎപി കന്നി ബഡ്ജറ്റ്. പ്രഷര്‍ കുക്കര്‍ പോലുള്ള അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഴുകുകൊണ്ടുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വിലകുറയും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം, വൈദ്യുതി എന്നിവയ്ക്കുള്ള ഫണ്ട് വകയിരുത്തല്‍ വര്‍ധിപ്പിച്ചു. കോളജുകള്‍ക്കും ഗ്രാമങ്ങള്‍ക്കും സൗജന്യ വൈഫൈ സംവിധാനത്തിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലും സ്‌കൂളുകളിലെ ക്ലാസ്മുറികളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ ഡീസല്‍ ഉപയോഗിക്കുന്ന ഭാരവണ്ടികള്‍ക്കു പിഴചുമത്താന്‍ തീരുമാനമായി. നാല്, ആറ്, 10, 14 വീലുള്ള ട്രക്കുകള്‍ക്ക് യഥാക്രമം 500, 750, 1,000, 1,500 എന്നിങ്ങനെയാണ് പിഴ. ടെംപോകള്‍ക്ക് 100 രൂപയും പിഴ ചുമത്തി. കമ്പനികളുടെ സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് 25 ശതമാനം വര്‍ധിപ്പിച്ചു.
സാമൂഹിക വിഭാഗങ്ങള്‍ക്കുള്ള പരിഗണനയ്‌ക്കൊപ്പം വ്യവസായ വിഭാഗത്തെയും കൂട്ടിയിണക്കിയ ബജറ്റായിരുന്നു ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ എഎപി സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ചത്. സാധാരണക്കാരെയും മധ്യവര്‍ഗത്തെയും വെറുതേവിട്ടു പണക്കാരുടെ പോക്കറ്റില്‍ കയ്യിടുന്ന പല നയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) കൂട്ടാതെ പകരം ആഡംബര, വിനോദ നികുതികളാണ് വര്‍ധിപ്പിച്ചത്.
ജിം ക്ലബ്, സ്പാ, മള്‍ട്ടിപ്ലക്‌സുകളിലെ സിനിമാകാഴ്ച തുടങ്ങിയവയ്ക്കു ചെലവേറും. കേബിള്‍ ടിവി/ഡിടിഎച്ച് സേവനങ്ങള്‍ക്ക് മാസംതോറും 40 രൂപ വിനോദനികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.