ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ ഉടന്‍ പരിഗണിക്കില്ലെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ജൂണ്‍ രണ്ടിനു ചേര്‍ന്ന യോഗത്തിലാണു വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അപേക്ഷ ഉടന്‍ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചത്.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ മന്ത്രാലയത്തിനു തീരുമാനമെടുക്കാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്നുമാണു മന്ത്രാലയ വിദഗ്ധ സമിതിയുടെ തീരുമാനം.
മുല്ലപ്പെരിയാര്‍ ഡാമിനു 125 വര്‍ഷം കാലപ്പഴക്കമുണ്ടെന്നും ഇതു പരിഗണിച്ചു പുതിയ ഡാമിന് അനുമതി നല്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേരളത്തിന്റെ അപേക്ഷ. പുതിയ ഡാമിന്റെ സാധ്യതാപഠനത്തിന് അടുത്തിടെ വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്കിയെങ്കിലും മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. തമിഴ്‌നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരുന്നു ഇത്. പിന്നീട് കേരളം കോടതിയലക്ഷ്യം കാണിക്കുന്നുവെന്നാരോപിച്ചു തമിഴ്‌നാട് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
-എജെ-