കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധന, വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി

മുംബൈ: കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. പകരം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷന്‍ (ഗാംക) എന്ന ഏജന്‍സിയെ പരിശോധനാ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി. ഖദാമത്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കാന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം തീരുമാനിച്ചത്.

ആരോഗ്യ പരിശോധനക്ക് നാലായിരം രൂപയ്ക്ക് പകരം 24,000 രൂപയായിരുന്ന ഫീസ് ഈടാക്കിയിരുന്നത്. ഇത് വന്‍ വിവാദമായതോടെ ഇന്ന് ഫീസ് നിരക്ക് 16,000 രൂപയിലേക്ക് ചുരുക്കി. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഖദാമത്തിന്റെ എല്ലാ ഏജന്‍സികളിലുമെത്തിയത്. ഇതിനിടെയാണ് ഖദാമത്തിനെ ഒഴിവാക്കി കുവൈത്ത് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കുവൈത്തിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് ഖദാമത്ത് ആരോഗ്യക്ഷമതാ പരിശോധനയെന്ന പേരില്‍ അമിത ഫീസ് ഈടാക്കിയത്. ഇത്രയും കാലം ഉദ്യോഗാര്‍ഥികളില്‍ നിന്ന് 24,000 രൂപ ഫീസ് ഈടാക്കിയതിനെന്തിനെന്ന ചോദ്യത്തിന് ഖദാമത്ത് വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. 24,000 രൂപ ഫീസ് ഈടാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഖദാമത്തിന്റെ ഇതുവരെയുള്ള മറുപടി. അമിത ഫീസ് ഈടാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കുമോ എന്ന കാര്യത്തിലും ഇതുവരെ ഖദാമത്ത് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

കുവൈത്തില്‍ പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനക്ക് കേരളത്തില്‍ മാത്രം മുമ്പ് 15 കേന്ദ്രങ്ങളുണ്ടായിരുന്നു. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങളോടെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. പരമാവധി 3,600 രൂപയായിരുന്നു ഇവിടങ്ങളില്‍ ചെലവായിരുന്നത്. എന്നാല്‍ കുവൈത്ത് സര്‍ക്കാര്‍ ആരോഗ്യക്ഷമതാ പരിശോധന ഖദാമത്ത് ഏജന്‍സിയെ ഏല്‍പ്പിച്ചതോടെയാണ് തൊഴിലന്വേഷകര്‍ ദുരിതത്തിലായത്. ഖദാമത്തിന്റെ കൊച്ചി ഓഫീസ് അടച്ചുപൂട്ടുകയും ഏജന്‍സിയുടെ പ്രവര്‍ത്തനം മുബൈയിലേക്ക് മാറ്റുകയും ചെയ്തതതോടെ ആരോഗ്യക്ഷമതാ പരിശോധനയ്ക്കായി 24,000 രൂപ നല്‍കേണ്ട ഗതികേടിലായിരുന്നു ഇതുവരെ തൊഴിലന്വേഷകര്‍.

ഗാംകയുടെ മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ശാഖകളിലും മലയാളികള്‍ക്ക് പരിശോധന നടത്താനാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുമ്പും ഗാംകയാണ് മെഡിക്കല്‍ പരിശോധന നടത്തിവന്നത്. പരിശോധനയ്ക്കായി 3600 രൂപയാണ് ഗാംക ഫീസായി ഈടാക്കിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: