ന്യൂഡല്‍ഹി : അധോലോക നായകനും 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമും, താനും ഇന്ത്യയില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നതായും എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെച്ചുവെന്നും ചോട്ടാ ഷക്കീല്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്വാനിയെയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി ഛോട്ടാ ഷക്കീല്‍ രംഗത്തു വന്നത്. 1993 ശേഷം രാജ്യം വിട്ട ദാവൂദ് കീഴടങ്ങാന്‍ തയ്യാറായിരുന്നെങ്കിലും ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. വിചാരണ കാലയളവില്‍ ജയിലില്‍ കഴിയാന്‍ സാധിക്കില്ലെന്നും വീട്ടു തടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നും പോലീസിന്റെ വക ശാരീരിക പീഡനങ്ങള്‍ ഉണ്ടാകരുതെന്നും കീഴടങ്ങുന്നതിനു മുന്നോടിയായി ദാവൂദ് ഉടമ്പടി വെച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ ഇടപെടലുകള്‍ നിമിത്തം ദാവൂദിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഛോട്ടാ ഷക്കീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാറാണ് ദാവൂദിന്റെ കീഴടങ്ങലിനതിരെ ഇടപെടലുകള്‍ നടത്തിയതെന്നു റാംജെഡ് മലാനി ആരോപിച്ചു. ദാവൂദിന്റെ വ്യവസ്ഥകള്‍ ശരത് പവാറിനെ യഥാ സമയത്ത് അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റു ചെയ്യുന്നതിനു വേണ്ട തുടര്‍ നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ലെന്നും റാംജെഡ് മലാനി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണകൂടം മതത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ വേര്‍തിരിച്ചു കാണുന്നതായും ഛോട്ടാ ഷക്കീല്‍ ആരോപിച്ചു.