വ്യാജ ‘പ്രേമം’ : വിസ്മയ സ്റ്റുഡിയോയില്‍ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് ചോര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ വിഭാഗം തെളിവെടുപ്പ് നടത്തി. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വിസ്മയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ സെന്‍സറിങ്ങിനു മുമ്പുള്ള പ്രോസസിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.

സ്റ്റുഡിയോയിലെ എഡിറ്റോറിയല്‍ വിഭാഗത്തിലേതടക്കം മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈഎസ്പി പിഎം ഇഖ്ബാലിന്റെ നേതൃത്തത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സിനിമാ മേഖലയില്‍ ഉള്ളവരും സംശയത്തിന്റെ നിഴലിലാണ്.

അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു ദിവസിത്തിനകം പ്രതികളെ പിടികൂടാനാവുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രേമം സിനിമയുടെ വ്യാജന്‍ ഇറങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിലായി ആന്റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍ പ്രേമത്തിന്റേതടക്കം പുതിയ മലയാള സിനിമകളുടെ വ്യാജ സിഡികള്‍ വന്‍തോതില്‍ കണ്ടെത്തിയിരുന്നു. കൊല്ലം മലപ്പുറം ജില്ലകളില്‍ നിന്നുള്ള എട്ടു പേരാണ് വ്യാജസിഡിയുമായി അറസ്റ്റിലായത്.

Share this news

Leave a Reply

%d bloggers like this: