കടം കയറുന്ന കുടുംബങ്ങള്‍ പെരുകുന്നു; പത്ത് ദിവസത്തിനുള്ളില്‍ കോടതിയിലെത്തിയത് 1300 ജപ്തി കേസുകള്‍

ഡബ്ലിന്‍: ജൂലൈ 6നും 16നും ഇടയിലുള്ള പത്ത് ദിവസത്തിനുള്ളില്‍ കോടിയിലെത്തിയത് 1300 ജപ്തി നടപടികളുമായി ബന്ധപ്പെട്ട കേസുകള്‍. രാജ്യത്തെ കടക്കെണിയിലായ കുടുംബങ്ങളെ ഭീകര ചിത്രമാണ് ഇതെന്ന് ഡെബ്റ്റ് സൊല്യൂഷന്‍ അഡ്വോക്കസി ഗ്രൂപ്പുകള്‍ പറയുന്നു. കടക്കെണിയിലകപ്പെട്ട് ആത്മഹത്യ, ലഹരി ഉപയോഗം, മാനസിക സംഘടര്‍ഷം തുടങ്ങിയ അവസ്ഥകളിലേക്കു പോകുന്ന കുടുംബങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡന്‍ഡാല്‍ക്ക്, കോര്‍ക്ക്, ട്രിം, ക്ലോണ്‍മെല്‍, പോര്‍ട്ട്‌ലൂയിസ്, നാസ്, ട്രാളി, നെന എന്നിവിടങ്ങളിലാണ് ഇത്രയും ജപ്തി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡൊണെഗലിലെ ലെറ്റര്‍കെന്നിയിലാണ് ഏറ്റവുമധികം കേസുകള്‍- 131 എണ്ണം. ഇനി വരുന്ന മാസങ്ങളില്‍ റീപൊസെഷന്‍ കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുമെന്ന് ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ഡേവിഡ് ഹാള്‍ ആശങ്കപ്പെടുന്നു. സര്‍ക്കാര്‍ ഇടപെട്ട് ആശ്വാസ നടപടികളും ബദല്‍ മാര്‍ഗങ്ങളും കണ്ടെത്തിയില്ലെങ്കില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടമാകും.

കടം അടയ്ക്കാന്‍ നിവൃത്തിയില്ലാത്തവരെ പാപ്പരായി പ്രഖ്യാപിക്കുന്ന ഇന്‍സോള്‍വന്‍സി സര്‍വീസ് 500 എണ്ണത്തിനു മുകളില്‍ പിന്നീട് പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കടം പെരുകി ജനങ്ങള്‍ അതില്‍ മുങ്ങുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും ഹാള്‍ ആരോപിക്കുന്നു. ജപ്തി നടപടിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ന്യൂ ബിഗിനിംഗ് എന്ന പേരില്‍ അഭിഭാഷകരുടെ സംഘം കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യത്തുടനീളം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഈ സംഘമാണ് കേസുകള്‍ കൈകാര്യം ചെയ്തത്. അമ്പതോളം കേസുകള്‍ ഹൈക്കോടിയാണ് പരിഗണിക്കുക.

കേസുകള്‍ നടക്കുമ്പോള്‍ വീട്ടുടമകള്‍ അതായത് കക്ഷികള്‍ പലപ്പോഴും കോടതിയിലെത്താറില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. അവര്‍ വളരെ പരിഭ്രാന്ത്രരും ഭയചകിതരുമായി മാറിയിരിക്കുകയാണെന്നും അവര്‍ വ്യ്കതമാക്കുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: