റിയാദ്: ഐ.എസിന്റെ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും നാനൂറിലേറെ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും സൗദി അറേബ്യ അവകാശപ്പെട്ടു. ഇതിനോടകം 431 പേരെ തീവ്രവാദവുമായി ബന്ധപ്പെട്ട് പിടികൂടി
അടുത്തിടെ ഐ.എസ്. സൗദിയില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും അറസ്റ്റിലായിട്ടുണ്ടെന്നു സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മേയില്‍ ക്വാതിഫ് മേഖലയിലെ അല്‍ക്വുദീഷ് ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരും പിടിയിലായിട്ടുണ്ട്.
നവംബറില്‍ എട്ടുപേരുടെ മരണത്തിനു കാരണമായ അല്‍അഹ്‌സയിലെ വെടിവയ്പ്, മേയില്‍ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണം തുടങ്ങിയ സംഭവങ്ങളില്‍ ആരോപണവിധേയരായ ഐ.എസ്. തീവ്രവാദികളെയും അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീവ്രവാദികളെ പിടികൂടിയതിനൊപ്പം ഐ.എസിന്റെ നിരവധി ആക്രമണശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായും സൗദി വ്യക്തമാക്കി. കിഴക്കന്‍ സൗദിയിലെ സുപ്രധാന പള്ളി ലക്ഷ്യമിട്ട് ഐ.എസ്. നടത്തിയ ആക്രമണനീക്കം സൈന്യം പരാജയപ്പെടുത്തി. മൂവായിരത്തിലേറെ വിശ്വാസികള്‍ പ്രാര്‍ഥന നടത്തുമ്പോഴായിരുന്നു ഐ.എസ്. ആക്രമണത്തിനു പദ്ധതിയിട്ടത്. മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി ആക്രമണങ്ങള്‍ക്ക് ഐ.എസ്. പദ്ധതിയിട്ടിരുന്നതായും തന്ത്രപ്രധാനനീക്കത്തിലൂടെ ഇതൊക്കെ പരാജയപ്പെടുത്തിയതായും ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു.