മുംബൈ സ്‌ഫോടന പരമ്പരക്കേസ്.. പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ സി.പി.എം

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ സി.പി.എം. മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരാണ് പാര്‍ട്ടി നിലപാടെന്നും വാര്‍ത്താക്കുറിപ്പില്‍ പി.ബി വ്യക്തമാക്കുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഹീനമായ തീവ്രവാദി ആക്രമണമാണ് മുംബൈയില്‍ നടന്നത്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും വേണം. പ്രധാന കുറ്റവാളികള്‍ പലരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടു.

വിദേശത്ത് കഴിയുന്ന അവരെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കാനുള്ള ശ്രമം വേണം. ഈ ഘട്ടത്തില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിക്ക് നിരക്കുന്നതല്ല. സ്‌ഫോടനത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു യാക്കൂബ് മേമന്‍. അദ്ദേഹം ഇന്ത്യന്‍ അധികാരികള്‍ക്ക് മുമ്പാകെ കീഴടങ്ങി വിചാരണ നേരിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ ഇവിടെ എത്തിച്ച് വിചാരണയ്ക്ക് ഹാജരാക്കി. സ്‌ഫോടനത്തിന് ചുക്കാന്‍ പിടിച്ച പ്രധാനികള്‍ നിയമത്തിന് പിടിതരാതെ ഒളിവില്‍ കഴിയുമ്പോള്‍ മേമനെ മാത്രം തൂക്കിലേറ്റുന്നത് ശരിയല്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം. രാജീവ് ഗാന്ധിയുടെ ഘാതകരുടെ വരെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചകാര്യവും സി.പി.എം എടുത്തുപറയുന്നു

1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരയിലെ പ്രതിയായ യാക്കൂബ് മേമനെ ഈ മാസം 30ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റാനിരിക്കുകയാണ്. വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പത്തിമൂന്നുകാരനായ യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പര രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ്. ഈ കേസില്‍ വധശിക്ഷ ഉറപ്പാവുന്ന ആദ്യപ്രതിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമന്‍.

Share this news

Leave a Reply

%d bloggers like this: