ആഷ്‌ലി മാഡിസണ്‍.കോം ഹാക്ക് ചെയ്തപ്പോള്‍ ഐറിഷുകാര്‍ ആശങ്കയിലായതെന്തു കൊണ്ട്?

ഒട്ടാവ: ഓണ്‍ലൈന്‍ ചീറ്റിങ്ങ് വെബ് സൈറ്റ് ആഷ്‌ലി മാഡിസണ്‍.കോം ഹാക്ക് ചെയ്യപ്പെട്ടതോടെ ഐറിഷുകാരുള്‍പ്പെടെയുള്ള യൂസര്‍മാര്‍ ആശങ്കയിലാണ്. സൈറ്റില്‍ അംഗങ്ങളായ 115,000 ഐറിഷുകാരാണ് തങ്ങളുടെ സ്വകാര്യമായ സെക്ഷ്വല്‍ ഫാന്റസികള്‍ പുറത്താകുമെന്ന് ഭയപ്പെടുന്നത്. ജീവിതം ചെറുതാണ്, ബന്ധത്തില്‍ ഏര്‍പ്പെടൂ..എന്ന പരസ്യവാചകവുമായി പങ്കാളിയെ ചീറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ് എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന വെബ്‌സൈറ്റാണിത്. 64 ദശലക്ഷത്തോളം ആള്‍ക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഏതാണ്ട് 3 കോടി 70 ലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ അടിച്ചുമാറ്റിയിരിക്കുന്നത്. ചീറ്റിങ്ങ് വിവരങ്ങള്‍ ആയതിനാല്‍ ചോര്‍ത്തിയ വിവരങ്ങളില്‍ പലതും അശ്ലീല ചിത്രങ്ങളും, നഗ്‌ന ഫോട്ടോകളുമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുന്നത് 37 ദശലക്ഷം യൂസേഴ്‌സാണ്.

2011 ലെ കണക്കനുസരിച്ച് 40,000 ഐറിഷുകാര്‍ സൈറ്റില്‍ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സൈറ്റില്‍ അംഗങ്ങളായ ഐറിഷുകാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ ഈ സൈറ്റുമൂലം വിവാഹ ബന്ധങ്ങള്‍ തകരുന്നുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. സൈറ്റിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് പല കുടുംബ ബന്ധങ്ങളെയും തകര്‍ക്കുമെന്ന് ഓണ്‍ലൈനിലൂടെയും ഓഫ്‌സൈനിലൂടെയുമുള്ള അവിഹിതബന്ധങ്ങള്‍ മൂലം പ്രശ്‌നങ്ങളുണ്ടാകുന്ന ദമ്പതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ICP മേധാവിയും സൈക്കോതെറാപ്പിസ്റ്റുമായ ഡേവിഡ് മൂര്‍ പറയുന്നു. വിവാഹത്തിലും രഹസ്യമായി തുടരുന്ന അവിഹിത ബന്ധങ്ങളിലും പലരും സുരക്ഷിതരായിരുന്നു. എന്നാല്‍ വെബ്‌സൈറ്റിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. വിവാഹബന്ധത്തെയും ബന്ധങ്ങളെയും കുട്ടികളെയും വരെ ഇത് സാരമായി ബാധിക്കും. ജീവിതം വലുതാണ്, ഓണ്‍ലൈനിലൂടെയുള്ള അവിഹിത ബന്ധം എല്ലാം നശിപ്പിക്കുമെന്നും മൂര്‍ പറയുന്നു.

പങ്കാളിക്ക് പുറമേ ഒരു രഹസ്യ ബന്ധം ഒപ്പിച്ച് തരും എന്ന് വാഗ്ദാനം നല്‍കിയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഈ സൈറ്റ് ഹിറ്റായത്. ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നുള്ളവരും ഇതില്‍ അംഗങ്ങളാണ്. നഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് യൂസര്‍മാര്‍ രഹസ്യപങ്കാളികളുമായി പങ്കുവെച്ചിരുന്നുവെന്നാണ് പറയുന്നത്. അവിഡ് ലൈഫ് മീഡിയ എന്ന കനേഡിയന്‍ കമ്പനിയാണ് ഈ സൈറ്റ് നടത്തിവരുന്നത്. ഇവര്‍ക്കു തന്നെ ക്യൂഗര്‍ലൈഫ്, എസ്റ്റാബ്ലിഷ് മാന്‍ തുടങ്ങിയ ആഷ്‌ലി മാഡ്‌സണ്‍ നിലവാരത്തിലുള്ള സൈറ്റുണ്ട്. ദ ഇംപാക്ട് ടീം എന്ന സംഘമാണ് ഹാക്കിങ്ങിന് പിന്നില്‍ എന്ന് വ്യക്തമായിട്ടുണ്ട്. വ്യക്തികളുടെ വിവരങ്ങള്‍, ചിത്രങ്ങള്‍, ചാറ്റിങ്ങ്, വീഡിയോ ചാറ്റുകള്‍ എന്നിങ്ങനെ സൈറ്റിലെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെന്നാണ് എ.എല്‍.എം മീഡിയ പറയുന്നത്. സൈറ്റ് നിര്‍ത്തണം എന്നാണ് ഹാക്കര്‍മാരുടെ പ്രധാന ആവശ്യം. യൂസര്‍മാരുടെ പ്രൊഫൈലുകള്‍, നഗ്‌നചിത്രങ്ങള്‍, രഹസ്യ സംഭാഷണങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പേരുവിവരങ്ങള്‍, ഇമെയിലുകള്‍ തുടങ്ങി എല്ലാം ഉടന്‍ പുറത്തുവിടുമെന്നുമാണ് ഹാക്കര്‍മാര്‍ പറയുന്നത്. അവിഡ് ലൈഫ് മീഡിയയുടെ എല്ലാ വെബ്‌സൈറ്റുകളുടെയും നിയന്ത്രണം ഇപ്പോള്‍ തങ്ങളുടെ കൈകളിലാണെന്നും ഹാക്കര്‍മാര്‍ പറയുന്നു.

സമാനമായ രീതിയില്‍ കഴിഞ്ഞ മാസം അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ എന്ന സൈറ്റ് ഹാക്കര്‍മാര്‍ പൂട്ടിച്ചിരുന്നു. ഈ സൈറ്റുകള്‍ മനുഷ്യ കടത്തും, വ്യഭിചാരവും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹാക്കര്‍മാരുടെ നിലപാട്. സൈറ്റ് പൂട്ടിയില്ലെങ്കില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഇത് എ.എല്‍.എം മീഡിയയെ നിയമ കുരുക്കില്‍ ആക്കുമെന്നും ഹാക്കര്‍മാര്‍ പറയുന്നു. എന്നാല്‍ ഹാക്കര്‍മാരുടെ ഭീഷണിയില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് സൈറ്റ് അധികൃതര്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: