മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്കായി പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം

 
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. 124 അംഗ സുരക്ഷാസേനയെയാണ് നിയോഗിക്കുക. സംഘത്തിന് ഒരു കമാന്‍ഡന്റ് നേതൃത്വം നല്‍കും. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്രസേനയെ അണക്കെട്ടിന്റെ സംരക്ഷണത്തിനു വിന്യസിക്കാന്‍ കഴിയില്ലെന്നാണ് മറുപടി സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

തീവ്രവാദികളുടെ ആക്രമണം ഉണ്ടായാല്‍ അതുനേരിടാന്‍ കേരള പൊലീസിന് സാധിക്കില്ലെന്നും അണക്കെട്ടിന്റെ സുരക്ഷയും രാജ്യ താല്‍പര്യവും മുന്‍നിര്‍ത്തി കേന്ദ്ര സേനയെ സുരക്ഷ ഏല്‍പ്പിക്കണമെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന് ഭീഷണിയുണ്ടെന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥിരീകരിച്ചിരുന്നു

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് നേരത്തേയും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമോ കേരളത്തിന്റെ ആവശ്യപ്രകാരമോ മാത്രമേ കേന്ദ്രസേനയെ വിന്യസിക്കാന്‍ പറ്റൂവെന്ന് അന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. മാത്രമല്ല, അണക്കെട്ടിന്റെ സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേരളവും കോടതിയില്‍ ഉറപ്പുനല്‍കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രത്യേക സുരക്ഷാ സേനയെ നിയോഗിക്കാന്‍ കേരളം തീരുമാനിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: