കേരളവും വിദേശ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ദൗത്യത്തിന്‍റെ ഡയറക്ടറായി ദേവയാനി കോബ്രാഗഡെ

ന്യൂഡല്‍ഹി : നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രാഗഡെ കേരളത്തിലെത്തുന്നു. കേരളവും വിദേശ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഡയറക്ടറായാണ് ദേവയാനി കോബ്രാഗഡെ കേരളത്തിലെത്തുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം താന്‍ തന്നെയാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതെന്ന് ദേവയാനി കോബ്രഗഡെ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നയതന്ത്ര ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കന്‍ മുന്‍ ഡെപ്യൂട്ടി കൗണ്‍സല്‍ ആയിരുന്ന ദേവയാനി കോബ്രഗഡെ ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തുന്നത്. കേരളത്തില്‍ നോര്‍ക്ക അടക്കമുള്ള ഏജന്‍സികള്‍ക്ക് തന്റെ സേവനം ഏറെ സഹായകമാകുമെന്ന് ദേവയാനി വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും നഴ്‌സിങ് വിഷയം ഉള്‍പ്പെടെ കേരളവും ഗള്‍ഫ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ദൗത്യത്തിന്റെ ഡയറക്ടറായാകും ദേവയാനി സേവനമനുഷ്ടിക്കുക.

വിസ രേഖകളില്‍ കൃത്രിമം കാണിച്ച കേസില്‍ യു എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവില്‍ ഉള്ളതിനാല്‍ ദേവയാനിക്ക് വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ചുമതലകള്‍ ഏറ്റെടുക്കാനോ സാധിക്കില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടുമാസം മുന്‍പാണ് വിദേശകാര്യ മന്ത്രാലയം ദേവയാനിയെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്. കേരളത്തിലേയ്ക്ക് എത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നോര്‍ക്ക ഉദ്യോഗസ്ഥരുമായും ദേവയാനി ഇതിനോടകം ചര്‍ച്ച നടത്തി കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: