സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത കല്‍പ്പിച്ച് റവന്യു വകുപ്പിന്റെ വിജ്ഞാപനം

കൊച്ചി: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത കല്‍പ്പിച്ച് റവന്യു വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഭൂമി പതിച്ച് നല്‍കുന്ന നിയമങ്ങളിലും ഭേദഗതി വരുത്തി. മലയോര പ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുന്നതാണ് റവന്യു വകുപ്പിന്റെ വിജ്ഞാപനം. നാല് ഏക്കര്‍ വരെ ഇത്തരത്തില്‍ പട്ടയം ലഭ്യമാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. ഭൂമി പതിച്ചു കിട്ടിയാല്‍ 25 വര്‍ഷത്തേക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
അതേസമയം വിജ്ഞാപനത്തിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. വമ്പന്‍ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനായിട്ടാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനത്തിന്റെ ഗുണം സാധാരണക്കാര്‍ക്കാണ് ലഭിക്കുകയെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പുതിയ തീരുമാനം കൊണ്ട് വന്‍കിട കൈയേറ്റക്കാര്‍ക്ക് നേട്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഭൂമിക്ക് നിയമസാധുത നല്‍കാനുള്ള എല്ലാ നടപടികളും സുതാര്യമായാണ് കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. സംശയമുള്ളവര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: