തൊടുപുഴയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് കുടുംബാംഗങ്ങള്‍ മരിച്ചു

കോലഞ്ചേരി: തൊടുപുഴ സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മാമലയിലെ പാറമടയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. തൊടുപുഴ ആദിത്യ വട്ടവളയില്‍ വിജു.വി.വി (41), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഷീബയുടേയും കിച്ചുവിന്റേയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്.

കൊച്ചിധനുഷ്‌കോടി ദേശീയപാത മാമലക്കടുത്ത് ശാസ്താംമുഗളിലെ പാറമടയിലാണ് വാഹനം വീണത്. രാവിലെ അതുവഴി വന്ന പരിസരവാസികളാണ് രാവിലെ എട്ടോടെ സ്ത്രീയുടെ മൃതദേഹവും കാറിന്റേതെന്നു തോന്നിക്കുന്ന ടയറും വെളളത്തിനു മുകളില്‍ പൊങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേശീയപാതയില്‍ നിന്നും തുടങ്ങുന്ന പാലച്ചുവട് എന്‍.എസ്. എസ് കരയോഗം റോഡില്‍ മടയുടെ മധ്യ ഭാഗത്തായി സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന സുരക്ഷ വേലി പൊളിഞ്ഞ നിലയില്‍ കണ്ടു. ഇതാണ് വാഹനം മടക്കുളളിലുണ്ടെന്ന കണ്ടെത്തലില്‍ എത്തിയത്.

എറണാകുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം പോന്നതെന്നാണ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ പറയുന്നത്. കട്ടപ്പനയില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജീനയറാണ് വിജു. രാത്രി പത്തര വരെ ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഏകദേശം 50 മീറ്ററിലധികം താഴ്ചയില്‍ പാറമടയില്‍ വെളളം നിറഞ്ഞിട്ടുണ്ട്. ദേശീയ പാത വഴി പോയ വാഹനം അബദ്ധത്തിലോ മറ്റപകടത്തിലോ പെട്ട് മടയില്‍ പോയതാകാനുളള സാധ്യതയില്ലെന്നാണ് പ്രഥമിക നിഗമനം. വാഹനം സുരക്ഷ വേലി പൊളിഞ്ഞ ഭാഗത്ത് എത്താനുളള സാധ്യതയില്ലെന്നുമാണ് വിലയിരുത്തല്‍. മടയുടെ താഴെ ഇന്നലെ രാത്രി 10 മണിക്ക് പോകുമ്പോള്‍ സുരക്ഷാവേലി പൊളിഞ്ഞിരുന്നില്ലെന്ന് അയല്‍ വാസി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. രാത്രി വൈകിയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ചോറ്റാനിക്കര പൊലീസും തൃപ്പൂണിത്തുറയില്‍ നിന്നുളള ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: