നഴ്സിങ് ഹോമുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടേക്കും…ആറ് വര്‍ഷമായിട്ടും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിലവാരം ഉയര്‍ത്തിയില്ല

ഡബ്ലിന്‍: സര്‍ക്കാര്‍ നടത്തുന്ന രാജ്യത്തെ നഴ്സിങ് ഹോം സൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ക്വാളിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങള്‍ക്കായി ഒന്നും തന്നെ ചെയ്യാത്തതാണ് ഇവയുടെ അംഗീകാരത്തിന് വെല്ലുവിളിയാകുന്നത്. ഹിക്വയാണ് എല്ലാ സ്വകാര്യ-സര്‍ക്കാര്‍ തല നഴ്സിങ് ഹോമുകള്‍ക്കും ലൈസന്‍സ് നല്‍കുന്നത്. ജൂലൈ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം നിലവില്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ഹിക്വ എച്ച്എസ്ഇയുടെ രണ്ട്  നഴ്സിങ് ഹോമുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പത്ത് സെന്‍ററുകളില്‍ പുതിയതായി ആളെ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗകര്യങ്ങളുടെ മാനദണ്ഡം പോരെന്നാണ് കാരണമായി വ്യക്തമാക്കുന്നത്. എച്ച്എസ്ഇ നടത്തുന്ന മുപ്പത്തിയാറ് കേന്ദ്രങ്ങളുടെ കാര്യത്തിലും തീരുമാനം അവസന ഘട്ടത്തിലാണ്.  ഹിക്വയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ അടച്ച് പൂട്ടല്‍ ഒഴിവാക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പക്ഷേ ആരും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ എടുക്കുന്നില്ലെന്നത് ഹിക്വയ്ക്ക് അമര്‍ഷമുണ്ടാകാന്‍ കാരണമായിട്ടുണ്ട്.

വര്‍ഷങ്ങളായി നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.  നഴ്സിങ് ഹോമുകളിലെ പ്രവേശനം നിരോധിക്കുന്നതും  കിടക്കകളുടെ എണ്ണവും കുറഞ്ഞാല്‍ അത് നേരിട്ട് ബാധിക്കുന്നത ആശുപത്രികളെ ആയിരിക്കും. നിലവില്‍ തന്നെ തിരക്ക് കൂടിയത് മൂലം കാത്തിരിപ്പ് പട്ടിക നീളുകയാണ്. ആശുപത്രി പ്രവേശനങ്ങള്‍ വൈകുന്നതിന് പ്രധാനപ്പെട്ട ഒരു കാരണം പ്രായമായ രോഗികള്‍ ആശുപത്രി ചികിത്സ കഴിഞ്ഞ ശേഷവും നഴ്സിങ് ഹോം പ്രവേശനം ലഭിക്കുന്നത് വരെ ആശുപത്രികളില്‍ തന്നെ തുടരുന്നതാണ്. പല എച്ച്എസ്ഇ ഹോമുകളും പഴയ ചരിത്ര കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോര്‍മിട്രി പോലുള്ള താമസസൗകര്യവുമാണ് ഉള്ളത്.  11 നഴ്സിങ് ഹോം കെട്ടിടങ്ങള്‍ നിലവാരത്തിനൊത്ത് ഉയര്‍ത്തണമെങ്കില്‍ €500 മില്യണ്‍ എങ്കിലും ചെലവഴിക്കേണ്ടി വരും.

€250 മില്യണ്‍ നേടി  1,500 കമ്മ്യൂണിറ്റി കെയര്‍ യൂണിറ്റുകളുടെ നിലവാരമുയര്‍ത്താന്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇത് കൂടാതെ കുട്ടികള്‍ക്ക് പുതിയ ആശുപത്രി, നാഷണല്‍ മറ്റേണിറ്റി  ആശുപത്രി സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലേക്ക് മാറ്റുക തുടങ്ങി നിരവധി പദ്ധതികളും സര്‍ക്കാരിന്ഉണ്ട്. എന്നാല്‍ നഴ്സിങ് ഹോമുകളുടെ കാര്യത്തില്‍ എന്തായിരിക്കും നിലപാടെന്ന് വ്യക്തമല്ല.  ലിയോ വരേദ്ക്കര്‍ ആരോഗ്യ മന്ത്രിയായ ശേഷം മുന്‍ഗണന നല്‍കുന്നതായി വ്യക്തമാക്കിയ അഞ്ച് കാര്യങ്ങളില്‍ നഴ്സിങ് ഹോമുകളുടെ നിലവാരമുയര്‍ത്തുന്നത് ഉള്‍പ്പെടുത്തിയിട്ടുമില്ല.

2009 ലാണ് പുതിയ മാനദണ്ഡങ്ങള്‍ വന്നത്.തുടര്‍ന്ന് ഇത് പ്രകാരം നിലവാരം ഉയര്‍ത്താന്‍ ആറ് വര്‍ഷത്തെ സമയവും നല്‍കി ഈ വര്‍ഷം ജൂലൈ ഒന്നോടെ പുരോഗതി വരുത്തേണ്ട സമയ പരിധിയും അവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: