മലയോരഭൂമി: ചട്ടഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

 

തിരുവനന്തപുരം: മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് ഭേദഗതി പിന്‍വലിക്കുന്നതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടു വന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഉത്തരവില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. വിവാദ ഉത്തരവ് കാരണം മൂന്നാര്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ ദുര്‍ബലമാവുമെന്ന വിമര്‍ശനം സര്‍ക്കാര്‍ മാനിക്കുന്നതായും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് കൈയേറ്റക്കാരെ സഹാക്കുന്ന ആളാണന്ന് ആരും പറയരുതെന്ന് ആഗ്രഹമുണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി മാത്രമേയുള്ളു. കര്‍ഷകര്‍ക്ക് കൈവശ ഭൂമി വേണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെല്ലാം നിയമസാധുത നല്കിയാണ് തിങ്കളാഴ്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: