മുംബൈ ഭീകരാക്രമണം: ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തല്‍

 

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ താരിഖ് ഖോസയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസയുടെ വെളിപ്പെടുത്തല്‍. അജ്മല്‍ അമീര്‍ കസബ് പാക്കിസ്ഥാന്‍കാരനായിരുന്നു. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനില്‍ നിന്നാണ്. സിന്ധ് പ്രവിശ്യയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയിരുന്നത്. ലഷ്‌കര്‍ ഇ തോയിബയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്നും പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഖോസെ വെളിപ്പെടുത്തി.

ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മിത ബോട്ടിലാണ് തീവ്രവാദികള്‍ മുംബൈയിലെത്തിയത്. ലാഹോര്‍ വഴി കറാച്ചിയില്‍ ബോട്ട് എത്തിക്കുകയായിരുന്നു. ആക്രമണത്തിന് തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായും ഖോസെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഖോസെയുടെ വെളിപ്പെടുത്തല്‍. മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ ഇത് പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യ-പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാക്കാനാണ് സാധ്യത.

-എജെ-

Share this news

Leave a Reply

%d bloggers like this: