വീടുകള്‍ക്ക് മേലുള്ള വാറ്റ് കുറച്ച് നല്‍കണമെന്ന് പ്രൊപ്പര്‍ട്ടി ഇന്‍ഡസ്ട്രി അയര്‍ലന്‍ഡ്

ഡബ്ലിന്‍: വീടുകള്‍ക്ക് മേലുള്ള വാറ്റ് നിരക്ക് 13.5% നിന്ന് 9% ലേക്ക് കുറയ്ക്കണമന്ന് പ്രൊപ്പര്‍ട്ടി ഇന്‍ഡസ്ട്രി അയര്‍ലന്‍ഡ് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് നിരക്ക് കുറച്ച് നല്‍കുന്നത്  താങ്ങാവുന്ന വിധത്തില്‍ വീടുകള്‍ സ്വന്തമായും വാടകക്കും  സോഷ്യല്‍ ഹൗസിങിനും ലഭ്യമാകുന്നതിന് സഹായകരമാകുമെന്ന നിഗമനത്തിലാണ് പിഐഐ. ആവശ്യത്തിലുള്ളതിന്‍റെ പകുതി മാത്രമാണ് രാജ്യത്ത് നിര്‍മ്മിക്കുന്ന വീടുകളെന്ന് പിഐഐ ഡയറക്ടര്‍ പീറ്റര്‍ സ്റ്റഫോര്‍ഡ് വ്യക്തമാക്കുന്നു.

ഈ വര്‍ഷവും മുന്‍ വര്‍ഷത്തെ പോലെ ലക്ഷ്യം വെച്ചത്ര വീടുകള്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. 5,600 വീടുകളാണ് ഡബ്ലിനില്‍ വര്‍ഷത്തില്‍ ആവശ്യമായി വരുന്നത്. ഇത് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ 8,900ലേക്ക് കുതിച്ച് ചാടും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിതരണത്തിനുണ്ടായിരുന്നത്   2,800  വീടുകള്‍ മാത്രമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികളെടുത്തെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ.

ആവശ്യമായ സ്ഥലത്ത് ആവശ്യമായത്രയും താമസ സൗകര്യം ലഭ്യമല്ലാതാകുന്നത് വീട് വിലയും വാടകയും ഉള്‍പ്പടെ താമസ ചെലവ് വര്‍ധിപ്പിക്കും. കൂടാതെ നിലവാരം കുറഞ്ഞ താമസ സൗകര്യത്തിലേക്കും കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിക്കാവുന്നതാണ്. സെന്ട്രല്‍ ബാങ്കിന്‍റെ വായ്പാ നയം പ്രശ്നത്തെ ഗുരുതരമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.  പുതിയ വീടുകള്‍ ഉണ്ടാകുന്നതിന്  ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  വാറ്റ്,  പ്ലാനിങ് വൈകുന്നത് തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകണം.

പിഐഐ  ബഡ്ജറ്റിന് മുന്നോടിയായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സോഷ്യല്‍ ഹൗസിങിന് സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കണമെന്നും പിഐഐ ആവശ്യപ്പെടുന്നുണ്ട്.  സര്‍ക്കാര് ഭൂമി വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് സോഷ്യല്‍ ഹൗസിങ് സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ചൂണ്ടികാണിക്കുന്നത്. ആറാഴ്ച്ചക്കുള്ളില്‍ തന്നെ നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രാദേശിക ഭരണ കൂടങ്ങള്‍ അനുമതി നല്‍കണമെന്നും ചൂണ്ടികാണിക്കുന്നു.  തര്‍ക്കമുള്ളത് പരിഹരിക്കുന്നതിന് ഒരു ബോര്‍ഡ് രൂപീകരിക്കണം ഇവിടെയും ആറാഴ്ച്ചകൊണ്ട് തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്നും നിര്‍ദേശം പറയുന്നു.

സര്‍ക്കാര്‍ പരിഗണിക്കേണ്ട മറ്റൊരു വിഷയം വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ്. സെന്‍ട്രല്‍ ബാങ്കിന്‍റെ വായ്പാനയം പുനപരിശോധിച്ച് കൂടുതല്‍ വീടുകള്‍ ലഭ്യമാകുന്നതിന് സഹായകരമാകുന്ന വിധത്തില്‍ മാറ്റണം. നഗരങ്ങള്‍ കേന്ദ്രീകരിച്ച്  ഉപയോഗിക്കാത്ത റീട്ടെയില്‍ യൂണിറ്റുകള്‍ അംഗ വൈകല്യങ്ങള്‍ പോലുള്ള ശാരീരികവിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഗ്രൗണ്ട് ഫ്ലോറില്‍ താമസസൗകര്യങ്ങള്‍ ലഭ്യമാകുന്ന വിധത്തില്‍  പ്രയോജനപ്പെടുത്തണമെന്നും ചൂണ്ടികാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: