പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാം

രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് കൂടുതല്‍ പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നു. ബാങ്ക് പലിശ നിരക്കിനേക്കാള്‍ മികച്ച റിട്ടേണ്‍ നല്കാന്‍ ഈ മേഖലയ്ക്ക് സാധിക്കുന്നുമുണ്ട്.

നാട്ടില്‍ ഒരു തുണ്ടു ഭൂമി മിക്ക പ്രവാസികളുടേയും സ്വപ്നമാണ്. ഒരു സുരക്ഷിതത്വ ബോധവും വൈകാരികമായ പിന്തുണയും ഇത് പ്രവാസികള്‍ക്ക് നല്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയിലേക്ക് നിക്ഷേപിക്കാന്‍ കൂടുതല്‍ പേരും ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള അതേപോലെ ഇന്ത്യന്‍ ഒറിജിനായ വ്യക്തികള്‍ക്ക് റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കിയിട്ടുണ്ട്.

റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്താം. രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് കൂടുതല്‍ പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ബാങ്ക് പലിശ നിരക്കിനേക്കാള്‍ മികച്ച റിട്ടേണ്‍ നല്കാന്‍ ഈ മേഖലയ്ക്ക് സാധിക്കുന്നുമുണ്ട്.

ഇന്ത്യയില്‍ പ്രോപ്പര്‍ട്ടി വില കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്യമായി വര്‍ധിച്ചിട്ടുണ്ട്. പക്ഷേ ഡോളറുമായി രൂപയുടെ മൂല്യം കുറഞ്ഞു നില്ക്കുന്നതിനാല്‍ വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് ചെറിയ വര്‍ധനമാത്രമാണ്. ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് സെക്ടറിലേക്ക് കൂടുതലായി നിക്ഷേപം നടത്താനുള്ള അവസരമാണ് ഇത് എന്‍ആര്‍ഐ നിക്ഷേപകര്‍ക്കു നല്കുന്നത്.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എന്‍ആര്‍ഐകള്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള അടിസ്ഥാന നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. ആര്‍ബിഐയും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടും (എഋങഅ) റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന പ്രവാസികളോട് നിയമപരമായി സൗമ്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമങ്ങളിലുള്ള അയവ് മാത്രമല്ല അവരുടെ നിക്ഷേപത്തിന് നേട്ടം നല്കുകയും ചെയ്യുന്നു.

എങ്ങനെ പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കും?

ഫെമയുടെയും ആര്‍ബിഐയുടേയും നിയമങ്ങള്‍ അനുസരിച്ച് ചില പ്രത്യേക റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം സാധിക്കുന്നതാണ്.

1 കാര്‍ഷിക ഭൂമി, പ്ലാന്റേഷന്‍, ഫാം ഹൗസ് എന്നിവയൊഴിച്ചുള്ള ഏതു സ്ഥാവര വസ്തുക്കളിലും നിക്ഷേപിക്കാം.

2 ഇന്ത്യന്‍ നിവാസികളില്‍ നിന്നോ ഇന്ത്യക്കു പുറത്ത് വസിക്കുന്ന ഇന്ത്യന്‍ പൗരനില്‍ നിന്നോ ഇന്ത്യന്‍ ഒറിജിന്‍ ഉള്ള വ്യക്തികളില്‍ നിന്നോ ഇത്തരം സ്ഥാവര വസ്തുക്കള്‍ സമ്മാനമായി സ്വീകരിക്കാം.

3. പാരമ്പര്യ സ്വത്തായി കിട്ടിയ പ്രോപ്പര്‍ട്ടികള്‍ കൈവശം വയ്ക്കാം.

4. ഇന്ത്യയിലുള്ള പ്രോപ്പര്‍ട്ടികള്‍ ഇന്ത്യന്‍ നിവാസിയായ വ്യക്തികള്‍ക്ക് വില്ക്കാനും സാധിക്കും.

5. കൃഷി ഭൂമി, ഫാം ഹൗസ്, പ്ലാന്റേഷന്‍ ഭൂമി എന്നിവ സമ്മാനമായി ഇന്ത്യന്‍ നിവാസികള്‍ക്ക് നല്കാവുന്നതാണ്.

6. പ്രവാസികള്‍ക്ക് റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ സമ്മാനമായി ഇന്ത്യയിലോ വിദേശത്തോ ഉള്ളതും ഇന്ത്യന്‍ ഒറിജിന്‍ ഉള്ളതുമായ വ്യക്തികള്‍ക്ക് സമ്മാനമായി നല്കാം.

വായ്പ ലഭിക്കുമോ?

പ്രവാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒരു പ്രധാന നിക്ഷേപ മേഖലയാണ് റിയല്‍ എസ്റ്ററ്റ്. മിക്കവാറും ധനകാര്യ സ്ഥാപനങ്ങളെയാണ് പ്രവാസികള്‍ ഇന്ത്യയില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനായി ആശ്രയിക്കാറുള്ളത്. ധനകാര്യ സ്ഥാപനങ്ങളാകട്ടെ പ്രവാസികളെ അവരുടെ പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്‌സ് ആയാണ് കണക്കാക്കുന്നത്. തിരിച്ചടവിന്റെ കാര്യത്തില്‍ എന്‍ആര്‍ഐകള്‍ കാണിക്കുന്ന കൃത്യനിഷ്ഠകൊണ്ടു തന്നെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വളരെ കാര്യക്ഷമമായും എളുപ്പത്തിലും വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. ശരിയായ ബാങ്കിംഗ് ചാനല്‍ വഴി ഇന്‍വേഡ് റെമിറ്റന്‍സായി വേണം വായപ തിരിച്ചടയ്ക്കാന്‍. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് വാടക, ഡിവിഡന്‍ഡ് തുടങ്ങിയവ വഴി വരുമാനം ലഭിക്കുന്നുണെ്ടങ്കില്‍ അതു നേരിട്ട് വായ്പയിലേക്ക് അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

നികുതി ബാധ്യതകള്‍

രജിസ്‌ട്രേഷന്‍ ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കു പുറമേ സേവന നികുതിയും നല്‌കേണ്ടതുണ്ട്. ആറു ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. മുന്‍സിപാലിറ്റി, പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസം വരും. രജിസ്‌ട്രേഷന്‍ ഫീസ് രണ്ടു ശതമാനമാണ്. നിര്‍മാണത്തിലിരിക്കുന്ന പദ്ധതിയാണെങ്കില്‍ 14 ശതമാനം സേവന നികുതി നല്കണം. ഒരു കോടിയ്ക്കു താഴെയാണ് പ്രോപ്പര്‍ട്ടി വിലയെങ്കില്‍ മ്യൂല്യത്തിന്റെ 25 ശതമാനത്തിന്റെ 14 ശതമാനം സേവന നികുതി നല്കണം. (അതായത് മൊത്തം വിലയുടെ മൂന്നര ശതമാനം) ഒരു കോടിക്കു മുകളിലുള്ള അപ്പാര്‍ട്ടുമെന്റുകള്‍ക്ക് 30 ശതമാനത്തിന്റെ 14 ശതമാനം.( അതായത് മൊത്തം വിലയുടെ 4.2 ശതമാനം).

ആര്‍ബിഐയുടെ നിയമങ്ങള്‍ക്കനുസൃതമായാണ് പ്രവാസികള്‍ക്ക് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് വായ്പ നല്കുന്നത്

1. മൊത്തം തുകയുടെ 80 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി ലഭിക്കും. ബാക്കി തുക പ്രവാസികള്‍ സ്വന്തം നിലയ്ക്ക് കണെ്ടത്തണം.

2. ഡൗണ്‍ പേമെന്റ് തുക സാധാരണ ബാങ്കിംഗ് ചാനലുകള്‍(എന്‍ആര്‍ഒ, എന്‍ ആര്‍ഇ അക്കൗണ്ട്) വഴി നാട്ടില്‍ നിന്ന് അടയ്ക്കണം.

3. മുതലും പലിശയും അടയ്‌ക്കേണ്ടതും നാട്ടിലെ അക്കൗണ്ട് വഴി തന്നെയായിരിക്കണം.

നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കാം

* ആദ്യം തന്നെ പ്രോപ്പര്‍ട്ടിയുടെ സ്വഭാവം തീരുമാനിക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം കൃഷി ഭൂമി, പ്ലാന്റേഷന്‍, ഫാം എന്നിവിടങ്ങളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനാവില്ല.

* ഭൂമി വാങ്ങുന്നതിനു മുന്‍പു തന്നെ എല്ലാ നിയമ രേഖകളും പരിശോധിക്കണം. ഗവണ്‍മെന്റില്‍ നിന്ന് അനുമതി വാങ്ങാതെ പലപ്പോഴും കൃഷിഭൂമിയില്‍ ഭവനപദ്ധതികള്‍ നടപ്പാക്കാറുണ്ട്. ആരുടെ പേരില്‍ ഭൂമി വാങ്ങി.ാലും അത്തരം പ്രോപ്പര്‍ട്ടികളിലുള്ള നിക്ഷേപം നിയമവിരുദ്ധമാണ്.

* ആധാരത്തിന്റെ ഒറിജിനല്‍ വായിച്ച് വില്ക്കുന്നയാളുടെ പേരില്‍ തന്നെയാണോ എന്ന് പരിശോധിക്കണം.

* ഭൂമി വില്ക്കുന്നയാളുടെ കൈവശം ഒറിജിനല്‍ ആധാരത്തിനു പകരം പകര്‍പ്പു മാത്രമാണുള്ളതെങ്കില്‍ ആ പ്രോപ്പര്‍ട്ടിയിന്മേല്‍ വായ്പയെടുത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കന്‍ ഇത് മുന്‍കൂട്ടി ഉറപ്പു വരുത്തണം.

*പാരിസ്ഥിതിക നിയമം, മുന്‍സിപ്പല്‍ ക്ലിയറന്‍സ് എന്നിവയും പാലിച്ചിരിക്കണം.

Share this news

Leave a Reply

%d bloggers like this: