സാനിയ മിര്‍സയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന

ന്യൂഡല്‍ഹി: പ്രമുഖ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക്  ഇന്ത്യന്‍ കായിക ലോകത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം. വിമ്പിള്‍ഡണ്‍ വനിത ഡബിള്‍സില്‍ കിരീടം നേടുകയും വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന പദവി സ്വന്തമാക്കിയതും കണക്കിലെടുത്താണ് സാനിയയുടെ പേര് പുരസ്‌കാരത്തിനായി കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നത്. ഇതോടെ ഖേല്‍ രത്‌ന പുരസ്‌കാരം നേടുന്ന ആദ്യ ടെന്നീസ് താരമെന്ന ബഹുമതിയും സാനിയയ്ക്ക് സ്വന്തം.

1986 നവംബര്‍ 15 ന് ഇമ്രാന്‍ മിര്‍സയുടെയും നസീമയുടെയും മകളായി ജനിച്ച സാനിയ ആറാം വയസ്സില്‍ ലോണ്‍ ടെന്നീസ് കളിച്ചുതുടങ്ങി. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയില്‍ പ്രഫഷണല്‍ ടെന്നീസ് പഠിച്ച താരം പിന്നീട് അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയില്‍ ഉപരിപഠനവും നടത്തി.

1999ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടാണ് സാനിയ ആദ്യ അന്തര്‍ദ്ദേശീയ മത്സരത്തില്‍ കോര്‍ട്ടിലിറങ്ങിയത്. 2003ല്‍ ലണ്ടനില്‍ നടന്ന വിംബിള്‍ഡണ്‍ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടം നേടിക്കൊണ്ട് വിംബിള്‍ഡണ്‍ മത്സരത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ നേടി. ആദ്യമായി വനിതാ ടെന്നീസ് അസോസിയേഷന്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും സാനിയയ്ക്ക് സ്വന്തം.

2007 ഓഗസ്റ്റ് ഒമ്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിന്‍ഗിസിനെ അട്ടിമറിച്ചുകൊണ്ട് ടെന്നീസ് ലോകത്ത് സാനിയ തന്റെ ആധിപത്യം ഉറപ്പിച്ചു. ആഫ്രോഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയ സാനിയ ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ ലിയാന്‍ഡറിനൊപ്പം വെങ്കലം നേടി. 2004ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അര്‍ജുന അവാര്‍ഡിനും സാനിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: