ആലപ്പുഴ സീമാസിലെ ജീവനക്കാര്‍ നടത്തിയ സമരം വിജയിച്ചു

 
ആലപ്പുഴ: തൊഴിലാളി വിരുദ്ധനടപടികള്‍ അവസാനിപ്പിക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ സീമാസ് ടെക്‌സ്‌റ്റൈല്‍സിലെ തൊഴിലാളികള്‍ നടത്തിയ സമരം ജയിച്ചു. തൊഴിലാളികള്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ മാനേജുമെന്റ് തയ്യാറായി. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരെയും പുറത്താക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യില്ലെന്ന് മാനേജുമെന്റ് ഉറപ്പുനല്‍കി. ഇതോടെ സിമാസ് ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള എല്ലാ സമരങ്ങളും പിന്‍വലിക്കുന്നതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക് അറിയിച്ചു.
എല്ലാവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 7.5 ശതമാനം തുക അധികമായി നല്‍കും. അതിന്റെ ഫലമായി ഇവര്‍ക്ക് 8300 രൂപ ലഭിക്കും. മറ്റുള്ളവര്‍ക്കെല്ലാം 7750 രൂപ കിട്ടും. 5500 രൂപ ആണ് ഇപ്പോള്‍ ട്രെയിനിംഗ് സ്റ്റാഫിനുള്ളത്. അത് 7500 രൂപ ആയി മാറും. പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ് ആയി നല്‍കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 8.75 ശതമാനവും ബോണസ് ആയി നല്‍കും. ഫൈനുകള്‍ എല്ലാം നിര്‍ത്തലാക്കി. മാസത്തില്‍ അഞ്ച് ദിവസം താമസിച്ചാല്‍ മാത്രമേ അര ദിവസത്തെ വേതനം നഷ്ടപ്പെടൂ. ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും തൊഴിലാളി പ്രതിനിധ്യത്തോടെ മെസ്സ് കമ്മിറ്റി ഉണ്ടാക്കി. പതിമൂന്ന് ദേശീയ ഒഴിവുദിനങ്ങള്‍ ഉണ്ടാവും. അന്നേ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ ഇരട്ടി വേതനം നല്‍കും ആഴ്ചയില്‍ ഒരു ദിവസം ഒഴിവാണ്. അന്നേ ദിവസം ജോലി ചെയ്താല്‍ ഇരട്ടി വേതനം നല്‍കും. ഹോസ്‌റല്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഉച്ചഭക്ഷണത്തിനുള്ള ഇടവേള അര മണിക്കൂറില്‍ നിന്ന് മുക്കാല്‍ മണിക്കൂറായി ഉയര്‍ത്തി. സമരത്തില്‍ പങ്കെടുത്ത ആരെയും മാറ്റി നിര്‍ത്തുകയോ ട്രാന്‍സ്‌ഫെര്‍ ചെയ്യുകയോ ചെയ്യില്ല എന്നിയാണ് പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇനി പറയുന്നതാണെന്ന് തോമസ് ഐസക് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: