വാട്ടര്‍ഗ്രാന്‍റിന് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് ഐറിഷ് വാട്ടറിന്‍റെ കത്ത്

ഡബ്ലിന്‍: വാട്ടര്‍ഗ്രാന്‍റിന് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് നാളെ മുതല്‍ ആയിരക്കണിക്കിന് വീടുകള്‍ക്ക് കത്ത് ലഭിച്ച് തുടങ്ങും. സാമൂഹ്യക്ഷേമ വകുപ്പാണ് വീടുകള്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1.3 മില്യണ്‍ പേരാണ് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ആഴ്ച്ചയില്‍ പതിനായിരം പേര്‍ക്കെങ്കിലും കത്തയക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ പിന്നെയും ആയിരത്തോളം കത്തുകള്‍ എഴുതേണ്ടി വന്നേക്കും. ഒക്ടോബര്‍ എട്ടിന് മുമ്പാണ് ഗ്രാന്‍റിന് അപേക്ഷിക്കേണ്ടത്. പിപിഎസ് നമ്പര്‍ , ബാങ്ക് വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനായി നല്‍കണം. ചിലപ്പോള്‍ മാത്രം ഫോണ്‍ വഴിയും വിവരങ്ങള്‍ നല്‍കേണ്ടി വരാം.

ഒക്ടോബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും ഗ്രാന്‍റ് നല്‍കി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അടുത്ത വര്‍ഷം തൊട്ട് പുതിയ വിവരപട്ടികയാകും ഗ്രാന്‍റ് നല്‍കുന്നതിന് ഉപയോഗിക്കുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും വിവരങ്ങള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വന്നേക്കാം. ഇതിന് വേണ്ടി പുതിയ വെബ്സൈറ്റും ഉണ്ടാകും. ഐറിഷ് വാട്ടറിന്‍റെ ഉപഭോക്താക്കളായവവരെയും അല്ലാത്തവരെയും കുറിച്ച് വിവരങ്ങള്‍തയ്യാറാക്കുന്നുണ്ട്. പുതിയസൈറ്റ് വരുന്നത് ഐറിഷ് വാട്ടറിന്‍റെ ഉപഭോക്താക്കളല്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രജിസ്റ്റര്‍ ചെയ്യാനുമായിരിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ജല കരം നല്‍കാത്തവര്‍ക്ക് ഐറിഷ് വാട്ടര്‍ ഫോണ്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചമുതലാണ് ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ തുടങ്ങിയത്. കരം അടച്ചത് ഉറപ്പ് വരുത്തുക  അതല്ലെങ്കില്‍ കരം നല്‍കുന്നതിന് സാധ്യമായ രീതിയില്‍ പേയ്മെന്‍റ് പ്ലാന്‍തയ്യാറാക്കി നല്‍കുക എന്നീ ഉദ്ദേശത്തോടെയാണ് ഫോണ്‍ വിളിക്കുന്നത്. നിലവില്‍  രണ്ടാമത്തെ ബില്ല് ലഭിച്ച് ഇരുപത്തിയൊന്ന് ദിവസം വരെയായിട്ടും ആദ്യ ബില്‍ നല്‍കാത്തവരെയാണ് വിളിക്കുന്നത്. യൂട്ടിലിറ്റി കമ്പിനികളുടെ പതിവുള്ള നടപടിയാണിതെന്ന് ഐറിഷ് വാട്ടര്‍ വക്താവ് എലിസബത്ത് ആര്‍നെറ്റ് വ്യക്തമാക്കുന്നു.

ഇത് വരെ നാല്‍പ്പത്തിയാറ് ശതമാനം ഉപഭോക്താക്കളും ഐറിഷ് വാട്ടറിന് ബില്‍ നല്‍കിയിട്ടുണ്ട്.  രണ്ടാഴ്ച്ച മുമ്പാണ് ഐറിഷ് വാട്ടര്‍ യൂറോസ്റ്റാറ്റിന്‍റെ പരിശോധനയില്‍ പരാജയപ്പെട്ടത്.  സര്‍ക്കാര്‍ ഐറിഷ് വാട്ടറിന് ചെലവാക്കിയ അഞ്ഞൂറ് മില്യണ്‍ ഇതോടെ ദേശീയ കടത്തില്‍ ഉള്‍പ്പെടുത്തും.

Share this news

Leave a Reply

%d bloggers like this: