സര്‍ക്കാരിന് വീണ്ടും തിരിച്ചടി: ബ്ലോക്ക് പഞ്ചായത്ത് വിഭജനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

 

കൊച്ചി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. വിഭജനത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിജ്ഞാപനം ഇറക്കിയില്ല. വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി. വാര്‍ഡ് വിഭജനം ചോദ്യം ചെയ്തുള്ള 12 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി ഹൈക്കടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനവും കോടതി റദ്ദാക്കിയത്.

പുതുതായി 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടേയും രൂപീകരണമാണ് നേരത്തെ സിംഗിള്‍ ബെഞ്ച് തടഞ്ഞത്. എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും 2010 ലെ രീതിയില്‍ നടത്തണോ എന്ന കാര്യത്തില്‍ കമ്മീഷനു തീരുമാനിക്കാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

150 ഓളം പഞ്ചായത്തുകളുടെ വിഭജനം നിയമാനുസൃതമല്ലെന്നാണ് നേരത്തെ സിംഗിള്‍ ബഞ്ച് കണ്ടെത്തിയിട്ടുള്ളത്. പുതിയ 69 ഗ്രാമ പഞ്ചായത്തുകളുടെ രൂപികരണം അസാധുവാക്കി കോടതി ഉത്തരവിടുകയും ചെയ്തു. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിര്‍ത്തണമെന്ന നിയമമാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടിയായത്. ഒരു പഞ്ചായത്തില്‍ രണ്ട് വില്ലേജുകളിലെ പ്രദേശങ്ങള്‍ വരാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒരു റവന്യു വില്ലേജ് രണ്ടു പഞ്ചായത്തുകളിലായി വരുന്ന വിഭജനമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഇതോടെ 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് ഇല്ലാതായത്.

ഒക്ടോബര്‍ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഷെഡ്യൂള്‍ തയാറാക്കിയിരുന്നത്. ഇതനുസരിച്ച് മറ്റ് നടപടികളും ആരംഭിച്ചിരുന്നു. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 2010ലെ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി നിശ്ചിത സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ നിലപാട്. സിംഗിള്‍ ബഞ്ച് വിധി ശരിവെച്ച ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: