ഇന്ധനം തീര്‍ന്ന് അടിയന്തര ലാന്‍ഡിംഗ്; മലയാളി പൈലറ്റിനും സഹപൈലറ്റിനും സസ്‌പെന്‍ഷന്‍

 
തിരുവനന്തപുരം: ഇന്ധനം തീര്‍ന്ന വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി അപകടം ഒഴിവാക്കിയ ജെറ്റ് എയര്‍വെയ്‌സിന്റെ മലയാളി പൈലറ്റ് രാമ വാര്യര്‍ക്കും കോ പൈലറ്റിനും സസ്‌പെന്‍ഷന്‍. ഇന്ധനത്തിന്റെ കുറവ് കൊച്ചിയിലെ മോശം കാലാവസ്ഥ എന്നിവ മൂലമാണ് പൈലറ്റിന് കൊച്ചിയില്‍ ഇറക്കാന്‍ സാധിക്കാഞ്ഞത്. തുടര്‍ന്നാണ് പൈലറ്റ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്.

ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായിട്ടും മറ്റുമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാതെ ലാന്‍ഡിങ് നടത്തിയതിനും നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനുമാണ് സസ്‌പെന്‍ഷന്‍. കൊച്ചിയില്‍ മൂടല്‍മഞ്ഞായതിനാല്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടെങ്കിലും അവിടെയും മോശം കാലാവസ്ഥ കാരണം വിമാനം നിലത്തിറക്കാന്‍ സാധിച്ചില്ല. ഏഴാമത്തെ ശ്രമത്തിനൊടുവിലാണ് വിമാനം നിലത്തിറക്കാന്‍ പൈലറ്റിന് സാധിച്ചത്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയോട് ഡിജിസിഎ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. ആഗസ്റ്റ് 18ന് ഉണ്ടായ സംഭവം വളരെ ഗൗരവകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: