രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

 
ഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുളള കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. പാര്‍ട്ടികളുടെ ആഭ്യന്തരവും സ്വതന്ത്രവുമായുളള പ്രവര്‍ത്തനത്തെ നിയമം ബാധിച്ചേക്കുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുളള ആറ് പാര്‍ട്ടികള്‍ക്കും നോട്ടീസയച്ചിരുന്നു. ഇതിനു മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

രാഷ്ട്രീയപാര്‍ട്ടികളെ പൊതുസ്വത്തായി പ്രഖ്യാപിച്ച് വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നായിരുന്നു കരട് നിയമത്തിലെ നിര്‍ദേശം. ഇത് പാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഒരു പാര്‍ട്ടിയിലെ ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിച്ച് എതിരാളികള്‍ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചേക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സത്യവാങ്മൂലത്തിലെ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. ദേശീയപാര്‍ട്ടികളെയെല്ലാം ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ പരോക്ഷമായി കേന്ദ്രത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികളെന്നും അതുകൊണ്ടുതന്നെ അവയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

Share this news

Leave a Reply

%d bloggers like this: