പൊതുജനാരോഗ്യ രംഗത്ത് സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പൊതുജനാരോഗ്യത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടെന്ന് നീതി അയോഗിന്റെ നിര്‍ദേശം. സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആരോഗ്യസംരക്ഷണമാണ് ഉചിതമെന്നും അതിന് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം വിപുലമാക്കണമെന്നുമാണ് ദേശീയ ആരോഗ്യ നയത്തിനുള്ള കരട് തയ്യാറാക്കുന്നതിന് നീതി അയോഗ് നല്‍കിയ ശുപാര്‍ശ.

അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികളോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സിനെയും ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനുവേണ്ടി കോണ്‍ട്രിബ്യൂട്ടറി സിക്ക് ഫണ്ട് ഉണ്ടാക്കാം. പൊതുജനങ്ങളുടെ വിഹിതംകൂടി ഫണ്ടില്‍ ഉള്‍പ്പെടുത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു.

പൊതുജനാരോഗ്യത്തിനായി ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനമെന്നാണ് ആയോഗ് സിഇഒയുടെ അംഗീകരത്തോടെ നല്‍കിയ ശുപാര്‍ശയിലെ വിശദീകരണം. സംവിധാനം നിലവില്‍വരുന്നതോടെ സൗജന്യ പരിശോധനകളും മരുന്ന് വിതരണവും നിലയ്ക്കും.

മൊത്തം വരുമാനത്തിന്റെ ഒരുശതമാനത്തിലേറെ തുക പൊതുജനാരോഗ്യ സംരക്ഷണത്തിന് നീക്കിവെയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് നീതി ആയോഗിന്റെ വിശദീകരണം. ആരോഗ്യമേഖലയ്ക്കുവേണ്ടി ബജറ്റില്‍ വകയിരുത്തുന്ന വന്‍തുകയില്‍ കുറവുവരുത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുമാണ് നിര്‍ദേശം സഹായകമാകുക.

രാജ്യത്തിന്റെ പൊതുജനാരോഗ്യമേഖലയെ കാര്യമായി ബാധിക്കുന്നതും അതേസമയം, സ്വകാര്യ ആസ്പത്രികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും ഗുണകരമാകുന്നതുമാണ് ശുപാര്‍ശയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: