സ്മാര്‍ട്ട് സിറ്റി പദ്ധതി…കേരളത്തില്‍ നിന്ന് കൊച്ചി മാത്രം

ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പെടുത്തി വികസിപ്പിക്കുന്ന രാജ്യത്തെ 98 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് തള്ളി. ലക്ഷദ്വീപില്‍ നിന്ന് കവരത്തി പട്ടികയില്‍ ഇടംപിടിച്ചു.

ഏറ്റവും കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ് 12 എണ്ണം. 98 നഗരങ്ങളില്‍ 24 എണ്ണം സംസ്ഥാന തലസ്ഥാനങ്ങളാണെന്ന് പട്ടിക പുറത്തിറക്കി കൊണ്ട് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തമിഴ്‌നാട്12, മഹാരാഷ്ട്ര10, മദ്ധ്യപ്രദേശ്7, ബിഹാര്‍ 3, ആന്ധ്രാപ്രദേശ്3 എന്നിവയാണ് പട്ടികയിലെ പ്രധാന സ്മാര്‍ട്ട് സിറ്റികള്‍.

നഗരങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ നൂറ് നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 48,000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. പ്രതിവര്‍ഷം 100 കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് നഗരങ്ങളുടെ വികസനത്തിന് ലഭിക്കും. അടിസ്ഥാന സൗകര്യ വികസനം, ആധുനിക സാങ്കേതിക വിദ്യ, തടസ്സമില്ലാത്ത ജല, വൈദ്യുത വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം, ഉയര്‍ന്ന നിലവാരമുള്ള ശുചീകരണ സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതു വാഹന സംവിധാനം, ഐ ടി കണക്ടിവിറ്റി, ഇ ഗവേര്‍ണന്‍സ് തുടങ്ങിയവ ഈ നഗരങ്ങളുടെ പ്രത്യേകതളായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബറോഡ എന്നിവ പട്ടികയില്‍ ഇടംകണ്ടു. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി യു.പിയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചു. പാട്‌ന, ബംഗളൂരു, കൊല്‍ക്കത്ത, ഷിംല എന്നിവയും പട്ടികയില്‍ ഇടം കണ്ടില്ല.

Share this news

Leave a Reply

%d bloggers like this: