വ്യാജ പീഡനക്കേസില്‍ പ്രതിചേര്‍ത്താല്‍ പുരുഷന്മാര്‍ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് കോടതി

ന്യൂഡല്‍ഹി: വ്യാജ പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ പുരുഷന്‍മാര്‍ക്ക് പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വ്യാജ ആരോപണങ്ങളുടെ പേരില്‍ പീഡനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന പുരുഷന്‍മാര്‍ക്ക് കോടതി വെറുതെ വിട്ടാല്‍ പീഡന ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും ആദ്യത്തെ കേസില്‍ നിയമനടപടിക്ക് ചെലവായ തുക ആവശ്യപ്പെട്ടും നിയമനടപടി സ്വീകരിക്കാമെന്നാണ് കോടതി വിധി.

സഹപ്രവര്‍ത്തക നല്‍കിയ പീഡനക്കേസില്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ സ്വദേശിയായ ഒരാളെ വെറുതെവിട്ടു കൊണ്ടാണ് കോടതിയുടെ നിര്‍ണ്ണായക വിധി. പീഡനക്കേസ് നല്‍കിയ യുവതി തന്നെ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി മാറ്റുകയും ആരോപണവിധേയനുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഈ കേസില്‍ വിധി പ്രസ്താവിക്കവെയാണ് കോടതിയുടെ വ്യാജ പീഡനക്കേസുകള്‍ സംബന്ധിച്ച് കോടതി വ്യക്തമാക്കിയത്. വ്യാജ ആരോപണങ്ങള്‍ പീഡനക്കേസില്‍ പ്രതിയായ ആരോപണവിധേയര്‍ അനുഭവിച്ച മാനസിക പീഡനവും മാനനഷ്ടവും കാണാതിരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ഇര മൊഴി മാറ്റിയതു കൊണ്ടു മാത്രം ആരോപണവിധേയര്‍ പൂര്‍ണ്ണമായി കുറ്റവിമുക്തരായെന്ന് പറയാനാകില്ലെന്ന് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്‌സിംഗ് പറഞ്ഞു. പീഡനക്കേസുകളില്‍ ഇരകളില്‍ മൊഴി മാറ്റുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടെന്നും ഇന്ദിരാ ജെയ്‌സിംഗ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: