ഓണത്തിന് സംസ്ഥാനത്ത് റെക്കാഡ് മദ്യവില്പന

തിരുവനന്തപുരം: പതിവു തെറ്റിക്കാതെ ഇത്തവണയും ഓണത്തിന് സംസ്ഥാനത്ത് റെക്കാഡ് മദ്യവില്പന. കഴിഞ്ഞ വര്‍ഷം 216 കോടിയുടെ മദ്യം ഓണത്തിന് മലയാളികള്‍ കുടിച്ചെങ്കില്‍ ഇക്കുറി അത് 300 കോടിയോളം വരും.
പൂരാടം, ഉത്രാടം, തിരുവോണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 180 കോടിയിലേറെ രൂപയുടെ മദ്യ വില്പന നടന്നുവെന്നാണ് പ്രാഥമിക കണക്കുകള്‍. ബിവറേജസ് കോര്‍പറേഷന്റെ പൂര്‍ണമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
തിരുവോണ നാളില്‍ മാത്രം ബിവറേജസ് കൗണ്ടറുകളിലൂടെ 46 കോടിരൂപയുടെ മദ്യവില്പനയാണ് നടന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കൗണ്ടറുകളിലൂടെ 8 കോടി രൂപയുടെ മദ്യം തിരുവോണനാളില്‍ വിറ്റഴിഞ്ഞു, ഉത്രാടപ്പാച്ചിലിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. കണ്‍സ്യൂമര്‍ ഫെഡ് അന്ന് 10 കോടി രൂപയുടെ മദ്യം വിറ്റു. ബിവറേജസ് കണക്ക് പുറത്തുവിട്ടിട്ടില്ല. പൂരാട ദിവസവും വില്പന അന്‍പത് കോടിക്ക് മേലെയാണ്.

കൗണ്ടര്‍ വില്പനയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഇക്കുറി ബിവറേജസിനെ കടത്തിവെട്ടി. മദ്യവില്പനയുടെ ചരിത്രത്തിലൊരിക്കലും ബിവറേജസിന്റെ ഒരു കൗണ്ടറിലും ഒരുദിവസം അരക്കോടിരൂപ കവിഞ്ഞിട്ടില്ല. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില സൂപ്പര്‍ കൗണ്ടറില്‍ ഉത്രാടത്തിന് 53.5 ലക്ഷം രൂപയും തിരുവോണത്തിന് 53 ലക്ഷം രൂപയും പൂരാടത്തിന് 38.5 ലക്ഷം രൂപയും കച്ചവടം നടന്നു. മൂന്ന് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ മദ്യമാണ് വൈറ്റില കൗണ്ടറില്‍ വിറ്റുപോയത്.
അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച ഔട്ട് ലെറ്റുകളോട് മലയാളിക്കു പ്രിയം കൂടുന്നു എന്നാണ് ഓണനാളിലെ മദ്യവില്പനയുടെ കണക്കു സൂചിപ്പിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില ഔട്ട് ലെറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത് സൂപ്പര്‍മാര്‍ക്കറ്റ് ശൈലിയാണ്. ഉത്രാടനാളില്‍ വന്‍ ജനത്തിരക്കായിരുന്നു ഇവിടെ. കൗണ്ടര്‍ വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാര്‍ അടച്ചത്. കൂടുതല്‍ നേരം തുറന്നിരുന്നുവെങ്കില്‍ കച്ചവടം മൂന്ന് ദിവസം കൊണ്ട് രണ്ടുകോടിയിലെത്തുമായിരുന്നു.

ഉത്രാടം നാളില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ആധുനിക ഔട്ട് ലെറ്റുകളായ കുന്നംകുളത്ത് 43 ലക്ഷത്തിന്റെയും ഏറ്റുമാനൂരില്‍ 37.5 ലക്ഷത്തിന്റെയും മദ്യം വിറ്റതായി കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഓണത്തിന് വ്യാജ മദ്യവില്പനയുണ്ടാകാനിടയുള്ളതിനാല്‍ മദ്യവില്പന സുഗമമാക്കണമെന്ന് എക്‌സൈസ് നിര്‍ദേശമുണ്ടായിരുന്നു. മൂന്ന് ബിയര്‍ കൗണ്ടറുകള്‍ ഉള്‍പ്പെടെ കണ്‍സ്യൂമര്‍ ഫെഡിന് സംസ്ഥാനത്ത് 43 ഔട്ട് ലെറ്റുകളാണുള്ളത്. തിരുവനന്തപുരം സ്റ്റാച്യുവിലെ കൗണ്ടറിലെ കച്ചവടവും മോശമായിരുന്നില്ല. ബിവറേജസ് കോര്‍പറേഷനില്‍ നിന്നാണ് കണ്‍സ്യൂമര്‍ഫെഡ് മദ്യം വാങ്ങുന്നത്. വിലകൂടിയ പ്രീമിയം ബ്രാന്‍ഡുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുറന്നതും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയതും കച്ചവടം കൂടാന്‍ കണ്‍സ്യൂമര്‍ഫെഡിന് സഹായകമായി.
ബിവറേജസ് കോര്‍പറേഷന്‍ കൗണ്ടറുകളില്‍ ഏറ്റവുമധികം വില്പനയുണ്ടായത് തിരുവനന്തപുരം ഉള്ളൂരിലെ അത്യാധുനിക ഔട്ട് ലെറ്റിലാണ്, 41 ലക്ഷത്തിന്റെ വില്പന.

Share this news

Leave a Reply

%d bloggers like this: