22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം;ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് പരമ്പര

 

കൊളംബോ: ശ്രീലങ്കന്‍ മണ്ണില്‍ പരമ്പരജയത്തിനായുള്ള ഇന്ത്യയുടെ 22 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി. മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ 118 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കി. 386 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍നിരയെ അശ്വിനും ഇഷാന്ത് ശര്‍മയും 268ല്‍ ഒതുക്കി. 2011 നുശേഷം ഇന്ത്യ ഇതാദ്യമായാണ് വിദേശത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. സെഞ്ച്വറി നേടിയ നായകന്‍ എയ്ഞ്ചലോ മാത്യൂസും(110) കുശാല്‍ പെരേരയും(70) ചേര്‍ന്ന് ഒരുക്കിയ പ്രതിരോധം പിളര്‍ത്തിയാണ് അശ്വിനും ഇഷാന്തും കൂട്ടരും ഇന്ത്യയ്ക്കായി വിജയം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കുവേണ്ടി ആര്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ മൂന്നും ഉമേഷ് യാദവ് രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും നേടി. ഇഷാന്ത് ശര്‍മ്മ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയിരുന്നു.

മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റിടത്താണ് ഇന്ത്യ തുടരെ രണ്ടു ടെസ്റ്റുകള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കിയത്. പരമ്പരയില്‍ 21 വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ഇന്ത്യയുടെ വിജയശില്പി. വെറ്ററന്‍ താരം അമിത് മിശ്ര(15), ഇഷാന്ത് ശര്‍മ(13) എന്നിവര്‍ അശ്വിനു പിന്തുണ നല്‍കി. ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് രണ്ടു സെഞ്ചുറി ഉള്‍പ്പെടെ 339 റണ്‍സ് നേടി.

Share this news

Leave a Reply

%d bloggers like this: