ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ച രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു

 

ഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിനെ നവമാധ്യമങ്ങളില്‍ പിന്തുണച്ച രണ്ട് മലയാളികളെ യുഎഇ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഐഎസിനെ പരസ്യമായി അനുകൂലിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുഎഇ സംയുക്ത കമ്മീഷന്‍ യോഗത്തില്‍ ഐഎസിനെതിരെയുള്ള നീക്കങ്ങളും ചര്‍ച്ചയാവും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനും അദ്ധ്യക്ഷത വഹിക്കുന്ന സംയുക്ത കമ്മീഷന്‍ യോഗത്തിലാണ് തീവ്രവാദ വിരുദ്ധ നീക്കം പ്രധാന ചര്‍ച്ചയാകുക.

ഇസ്ലാമിക് സ്‌റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണി ഇരു രാജ്യങ്ങളും വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവമാധ്യമങ്ങളില്‍ ഐഎസ് ആശയം പ്രചരിപ്പിച്ച പത്തു പേരെ അടുത്തിടെ യുഎഇ തിരിച്ചയച്ചതായി ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ രണ്ടു മലയാളികളുമുണ്ട്. കൊച്ചി സ്വദേശികളായ മലയാളികള്‍ കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തി. ഇവരെ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇന്റര്‍നെറ്റില്‍ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ ഇവര്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനയൊന്നും കിട്ടിയിട്ടില്ല. നവമാധ്യമങ്ങളില്‍ ഐഎസിനെ അനുകൂലിക്കുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാന്‍ സംരക്ഷണം നല്കുന്നതുമായി ബന്ധപ്പെട്ട കുടുതല്‍ തെളിവുകള്‍ ഇന്ത്യ യുഎഇയ്ക്ക് കൈമാറും. വാണിജ്യസഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകളും ബഹിരാകാശ പ്രതിരോധ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ക്കുള്ള തീരുമാനവും കൂടിക്കാഴ്ചയിലുണ്ടാകും.

Share this news

Leave a Reply

%d bloggers like this: