തച്ചങ്കരിയെ മാറ്റിയതിനെച്ചൊല്ലി തര്‍ക്കം: മുഖ്യമന്ത്രിയുടെ അനുമതി വേണ്ടെന്ന് മന്ത്രി ബാലകൃഷ്ണന്‍

 
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി തച്ചങ്കരിയെ മാറ്റികൊണ്ടുള്ള ഉത്തരവിറക്കിയതോടെയാണ് വിവാദം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിളിച്ചു അതൃപ്തി അറിയിക്കുകയും ചെയ്തു.

അതേസമയം തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാനത്തു നിന്ന് മാറ്റിയതായുള്ള സ്ഥിരീകരണവുമായി സഹകരണ മന്ത്രി സി.എന്‍ ബാലകൃഷണന്‍ രംഗത്തെത്തി. സഹകരണ വകുപ്പിനു കീഴിലുള്ള എംഡിയെ മാറ്റുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി വേണ്ടെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സാധാരണ നടപടിക്രമമാണ് നടന്നതെന്നും മന്ത്രി ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തച്ചങ്കരിയെ മാറ്റിയതായി അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ തച്ചങ്കരിയെ മാറ്റണമെന്ന ശക്തമായ നിലപാട് ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയും സ്വീകരിച്ചതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതു വലിയ വിവാദമായി മാറിയിരിക്കുകയാണ്.

തന്നെ എംഡി സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു. കെബിപിഎസിന്റെ അധിക ചുമതല നല്‍കിയതായി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എംഡി സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇപ്പോഴും അതേ ചുമതലയില്‍ തുടരുകയാണ്. കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതി വിമുക്തമാക്കുകയും നഷ്ടത്തില്‍ നിന്ന് കരകയറ്റുകയുമാണ് ലക്ഷ്യമെന്ന് തച്ചങ്കരി പറഞ്ഞു.

തച്ചങ്കരിയെ മാറ്റിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പലയിടത്തും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കണ്‍സ്യൂമെര്‍ഫെഡിന്റെ എറണാകുളത്തെ മേഖല ഓഫീസില്‍ തച്ചങ്കരിയ്ക്ക് അനുകൂലമായി ജീവനക്കാര്‍ പ്രകടനം നടത്തി. ഇതേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Share this news

Leave a Reply

%d bloggers like this: