അടുത്ത വര്‍ഷം യുറോപ്പിലേക്കു അഭയം തേടിയെത്തുന്നവരുടെ എണ്ണം എട്ടര ലക്ഷമാകുമെന്ന് യുഎന്‍

ജനീവ : അഭയാര്‍ത്ഥി പ്രശ്‌നവും കുടിയേറ്റങ്ങളും യൂറോപ്പിലാകാമാനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും അടുത്ത വര്‍ഷം യൂറോപ്പിലേക്ക് ഇനിയും അഭയാര്‍ത്ഥികള്‍ എത്തുമെന്ന് യുണൈറ്റഡ് നേഷന്‍സ്. ഏകദേശം എട്ടര ലക്ഷം വരുന്ന അഭയാര്‍ത്ഥികളാണ് യൂറോപ്പിലേക്ക് എത്തുക. അഭയാര്‍ത്ഥി പ്രശഅനം വലിയ തലവേദനയായി യൂറോപ്പില്‍ നിലനില്‍ക്കുമ്പോള്‍ യുഎന്നിന്റെ ഈ വെളിപ്പെടുത്തല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദത്തിനു കാരണമായേക്കും. പ്രശ്‌ന പരിഹാരത്തിനായി കൂടുതല്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യങ്ങള്‍ മുന്നോട്ടു പോകണമെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ ആഹ്വാനം ചെയ്യുന്നത്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നും സിറിയയില്‍ ആധ്യന്തര സംഘര്‍ഷം കാരണം പലായനം ചെയ്യേണ്ടി വന്നവരാണ് അഭയാര്‍ത്ഥികള്‍. ഇവയില്‍ ഏറ്റവും കൂടുതല്‍ സിറിയയില്‍ നിന്നും നാടുവിട്ടവരാണ്. ആഭ്യന്തര കലാപവും ഐഎസിന്റെ ക്രൂരതകളും കൊടിക്കുത്തി വാഴുന്ന സിറിയയില്‍ നിന്നും നിരവധി ജനങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത്. ഓരോ ദിനവും കപ്പലുകളിലും ബോട്ടുകളിലുമായി നിരവധിയാളുകളാണ് യൂറോപ്യന്‍ തീരങ്ങളില്‍ അഭയം തേടിയെത്തുന്നത്.

കടലിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരണത്തിന്റെ വായിലകപ്പെട്ടവരും നിരവധിയാണ്. നാള്‍ക്കുനാള്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്് അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎന്നും യൂറോപ്പും. അയ്‌ലന്റെ ദാരുണാന്ത്യത്തോടെ നിരവധി രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ രംഗത്തു വന്നു. പല രാജ്യങ്ങളിലേയും ജനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഇടം നല്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മകളും പ്രകടനങ്ങളും നടത്തി. കൂടുതല്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതിനാല്‍ പ്രശ്‌ന പരിഹാരം വിദൂരമല്ലെന്ന കാഴ്ചപ്പാടിലാണ് ലോകരാജ്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: