കാത്തിരിപ്പു പട്ടിക നീളുന്നതനുസരിച്ച് പിഴയും കൂടും; കാര്യക്ഷമത കുറഞ്ഞ ആശുപത്രികള്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തും

 

ഡബ്ലിന്‍: രോഗികളുടെ കാത്തിരിപ്പ് പട്ടികയുടെ നീളം കുറയ്ക്കുക എന്ന ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറുടെ പ്രഖ്യാപിത നയം ലക്ഷ്യമാക്കി കാര്യക്ഷമായി പ്രവര്‍ത്തിക്കാത്ത ആശുപത്രികള്‍ക്ക് കനത്ത പിഴ ഈടാക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാത്ത ആശുപത്രികളില്‍ നിന്ന് ഈ മാസം മുതല്‍ തന്നെ പിഴ ഈടാക്കാനാണ് തീരുമാനം. 18 മാസം വരെ 8000 ത്തോളം രോഗികള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള ആശുപത്രികളില്‍ നിന്നാണ് പിഴ ഈടാക്കുക. ഈ വര്‍ഷം മധ്യത്തോടെ രോഗികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് മന്ത്രി വരേദ്ക്കര്‍ മുന്‍പ് വാഗ്ദാനം നല്‍കിയിരുന്നു.

രോഗികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനായി എച്ച്എസ്ഇക്ക് 25 മില്യണ്‍ യൂറോയും മന്ത്രി അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 15 മാസത്തില്‍ കൂടുതല്‍ ഒരു രോഗിയും ചികിത്സയ്ക്കായി കാത്തിരിക്കരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആശുപത്രികള്‍ക്ക് ഈ തുക വിനിയോഗിക്കാം. ആദ്യഘട്ടത്തില്‍ അനുവദിച്ച 26 മില്യണ് പുറമേയാണിത്.

ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളെയും നിയമനങ്ങളെയും അടിസ്ഥാനമാക്കിയാണ് പിഴ തുക കണക്കാക്കുക. ലക്ഷക്കണക്കിന് യൂറോ ഇതുവഴി സ്വരൂപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നിന്നു പിരിച്ചെടുക്കുന്ന പിഴ മറ്റ് ആശുപത്രികളുടെയും നഴ്‌സിംഗ് ഹോമുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും. സ്‌പെഷ്യലിസ്റ്റ് സ്റ്റാഫുകളുടെ കുറവുള്ള ആശുപത്രികളെ പിഴ ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: