മലയാളികള്‍ക്ക് ആശ്വസിക്കാം,സ്വര്‍ണ മോഷണത്തിനു ഗാര്‍ഡ പൂട്ടിടും

ഡബ്ലിന്‍: മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വസിക്കാം. അയര്‍ലന്‍ഡില്‍ സ്വര്‍ണം മോഷ്ടിക്കുന്നവരെയും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളെയും പിടികൂടാന്‍ ഗാര്‍ഡയ്ക്ക് പുതിയ അധികാരം നല്‍കുന്ന കാര്യം പരിഗണനയില്‍. ക്രിമിനല്‍ സംഘങ്ങളും ജ്വല്ലറികളും മോഷണമുതല്‍ വില്‍ക്കുന്നതിന് പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗാര്‍ഡയ്ക്ക് ജ്വല്ലറികളിലും, പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ‘cash-for-good’ഔട്ട്‌ലെറ്റുകളിലും പരിശോധന നടത്താനുള്ള അധികാരം നല്‍കുന്നത്.

നീതിന്യായ വകുപ്പ് തയാറാക്കുന്ന പുതിയ പദ്ധതിയനുസരിച്ച് പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ വന്‍ തുക പിഴയൊടുക്കേണ്ടിവരും. മാത്രമല്ല സ്വര്‍ണാഭരണങ്ങളും വിലപിടിച്ച കല്ലുകളും വില്‍ക്കുന്ന വ്യക്തികള്‍ക്കും ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടിവരും. രാജ്യത്ത് മോഷണത്തിന്റെയും ഭവനഭേദനത്തിന്റെയും തോത് വര്‍ധിക്കുന്നതും ‘cash for gold’ വ്യാപാരവും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍ തയാറാക്കുന്നത്.

രാജ്യത്തെ ഏറ്റവും അപകടകാരികളായ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം കടകളിലൂടെ മോഷണമുതലുകള്‍ വില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 10 ഫാമിലി ബേയ്‌സ്ഡ് ക്രിമിനല്‍ ഗ്യാംഗുകള്‍ മോഷണത്തിനായി എളുപ്പത്തില്‍ ആക്രമണം നടത്താന്‍ കഴിയുന്ന ഉള്‍പ്രദേശങ്ങളെ ലക്ഷ്യമിടുകയും രാജ്യത്തെ മോട്ടോര്‍വേ സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇവര്‍ മിക്കപ്പോഴും high-powerd കാറുകളാണ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നത്. ഗാര്‍ഡയുടെ വാഹനത്തേക്കാള്‍ സ്പീഡ് കൂടുതലുള്ളതിനാല്‍ ഗാര്‍ഡ പിന്തുടര്‍ന്നാലും മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്യും. മിക്ക ക്രിമിനലുകളും ഡബ്ലിന്‍ കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന റൊമേനിയന്‍ ക്രിമിനല്‍സോ ട്രാവലറോ ആണ്. പലരും സൗത്ത് വെസ്റ്റ് ഡബ്ലിനിലെ താലഗട്ട് മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചിലര്‍ Rathfarnham, Dun Laoghaire and Shankill എന്നിവിടങ്ങളിലുള്ളവരാണ്. ഏതാണ്ട് 300 ഓളം ക്രിമിനലുകള്‍ ഇത്തരം ഗാങ്ങുകളിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോഷണവും ഭവനഭേദനവും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജ്വല്ലറികളിലും മറ്റും ഗാര്‍ഡയ്ക്ക് അധികാരം നല്‍കുന്ന പുതിയ പദ്ധതി സംബന്ധിച്ച് കമ്മ്യൂണിറ്റിയുടെയും ബിസിനസ് ഗ്രൂപ്പുകളുടെയും അഭിപ്രായമറിയുന്നതിനുള്ള പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഡോക്യുമെന്റ് നീതിന്യായവകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് പുറത്തിറക്കി. നിലവില്‍ cash for good outlets കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയമസംവിധാനങ്ങളുമേര്‍പ്പെടുത്തിയിട്ടില്ല. ഡബ്ലിനിലെയും അയര്‍ലന്‍ഡിലെ മറ്റ് ഉള്‍പ്രദേശങ്ങളിലെയും വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മറ്റു ജ്വല്ലറി വസ്തുക്കളും വ്യാപകമായ തോതില്‍ കൊള്ളയടിക്കപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ പദ്ധതി സംബന്ധിച്ച അഭിപ്രായം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ഏതാനും വര്‍ഷങ്ങളായി ‘cash for gold’ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതും മോഷണം പെരുകുന്നതും തമ്മില്‍ ബന്ധമുണ്ടാകുമെന്ന സംശയം ബലപ്പെടുകയാണ്. സ്വര്‍ണമടക്കമുള്ള മോഷണമുതലുകള്‍ ഇത്തരം ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കപ്പെടുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്‍സള്‍ട്ടേഷന്‍ ഡോക്യുമെന്റിലെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

ഡോക്യുമെന്റിന് പ്രധാനമായും മൂന്നു ഓപ്ഷനുകളാണുള്ളത്.

-നിലവിലുള്ള നിയമവും റിസോഴ്‌സുമുപയോഗിച്ച് പ്രശ്‌നപരിഹാരത്തിനുള്ള പരിമിതമായ സമീപനം.
-ബിസിനസ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഗാര്‍യ്ക്ക് പരിശോധന നടത്താന്‍ അധികാരം നല്‍കുന്ന സമഗ്രമായ റിസേഴ്‌സ് ഇന്റന്‍സീവ് റെസ്‌പോണ്‍സ്
-നിയമനിര്‍മ്മാണവും നിയമം അനുസരിക്കാതിരിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന മിതമായ സമീപനം

ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് വാറണ്ടുമായി ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്താനും, റെക്കോര്‍ഡുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കാനും നിയമവിരുദ്ധമായ ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ വസ്തുക്കള്‍ പിടിച്ചെടുക്കാനും വേണ്ടിവന്നാല്‍ വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന നടപടിയാണ് ഏറ്റവും ഫലപ്രദമെന്നാണ് വിലയിരുത്തുന്നത്. പൊതുജനാഭിപ്രായം കൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം കൈകൊള്ളുമെന്ന് നിതിന്യായവകുപ്പു വക്താവ് അറിയിച്ചു.

മോഷണം തടയുന്നതിനുള്ള പുതിയ സംവിധാനം മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വാസമാകും. അയര്‍ലന്‍ഡില്‍ നിരവധി മലയാളി കുടുംബങ്ങളില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്ത് 75 ഓളം മലയാളി വീടുകളില്‍ മോഷണം നടന്നതായാണ് കണക്കാക്കപ്പെടുന്നത്. സ്വര്‍ണം മലയാളികള്‍ സൂക്ഷിക്കുന്നുണ്ടെന്ന അറിവാണ് മോഷ്ടാക്കള്‍ മലയാളികളെ ലക്ഷ്യമിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഷ്ടാക്കള്‍ ഗോള്‍ഡ് ഡിറ്റക്ടിംഗ് മെറ്റലുമായാണ് മോഷണത്തിനെത്തുന്നത്. സ്വര്‍ണവും മറ്റു ജ്വല്ലറികളും കവരുകയും ചെയ്യും. മാത്രമല്ല മോഷണത്തിനിടെ കുടുംബാംഗങ്ങള്‍ ആക്രമണത്തിനിരയാകുകയും ചെയ്യാറുണ്ട്. പുതിയ സംവിധാനം രാജ്യത്തെ മോഷണത്തിന്റെയും ഭവനഭേദനങ്ങളുടെയും നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: