അമ്പത് വര്‍ഷം കൊണ്ട് ചെയ്യാന്‍കഴിയാത്തത് താന്‍ അമ്പത് മാസം കൊണ്ട് ചെയ്യുമെന്ന് മോദി

വാരാണസി:  അമ്പത് വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ അമ്പത് മാസം കൊണ്ട് താന്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്‍ധന്‍ യോജനക്കെതിരെ വിമര്‍ശനമുയര്‍ത്തുന്ന പ്രതിപക്ഷത്തിനെ മോദി പരിഹസിച്ചു. ബാങ്ക് ദേശസാല്‍ക്കരണം നടന്ന് നാല്‍പ്പത് കൊല്ലം കഴിഞ്ഞിട്ടും പാവപ്പെട്ടവരെ ബാങ്കിംഗില്‍ നിന്ന് അകറ്റി നിര്‍ത്തിയവരാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മോദി പറഞ്ഞു. വാരാണസിയില്‍ റിക്ഷാ വിതരണ പരിപാടിക്ക് ശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പേരെടുത്ത് പറയാതെ മോദി കടന്നാക്രമിച്ചു. ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാത്തവരാണ് അക്കൗണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറയുന്നത്. ഗരീബി ഹഠാവോയെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പത് കൊല്ലത്തിലധികമായി. പക്ഷെ ഇതു വരെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒന്നും ചെയ്തില്ല. ദാരിദ്ര്യ മന്ത്രം ചൊല്ലാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നമുക്ക് അതില്‍ നിന്ന് പുറത്തുകടക്കണമെന്നും മോദി പറഞ്ഞു. സ്വയം പര്യാപ്തത കൈവരിക്കുകയാണ് നമ്മുടെ ലക്ഷ്യം.

സാങ്കേതിക വിദ്യ ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് ഏറെ വളര്‍ച്ച കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചു നീക്കണമെങ്കില്‍ പുതിയ തലമുറക്ക് വിദ്യാഭ്യാസം വേണം. അവരിലേക്ക് ദാരിദ്ര്യം പകര്‍ന്നു കൊടുക്കരുതെന്നും മോദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: