സ്ലീപ്പര്‍ കോച്ചിലെ പകല്‍ യാത്ര; വിവാദ തീരുമാനം റെയില്‍വെ മരവിപ്പിച്ചു

കോട്ടയം: പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയ വിവാദ തീരുമാനം റെയില്‍വെ താത്കാലികമായി മരവിപ്പിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സാധാരണ കൗണ്ടറുകള്‍ വഴി പകല്‍ യാത്രയ്ക്കുളള സ്ലീപ്പര്‍, എസി, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് റെയില്‍വെ വിവാദ തീരുമാനം താത്കാലികമായെങ്കിലും പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു, മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്കു പകല്‍ സമയത്തു സാധാരണ കൗണ്ടറുകളില്‍നിന്നു സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വെ നിര്‍ത്തലാക്കിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നു പറഞ്ഞാണു പകല്‍ സമയങ്ങളില്‍ നല്‍കിയിരുന്ന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിര്‍ത്തലാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം എടുത്തത്. എന്നാല്‍ ഇത് പകല്‍ ദീര്‍ഘദൂര യാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് തിരിച്ചടിയായി. വിവാദ തീരുമാനപ്രകാരം ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ജനറല്‍ കോച്ചുകളില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ മാത്രമെ ലഭിക്കുമായിരുന്നുള്ളു.

സാധാരണ ടിക്കറ്റെടുത്ത ശേഷം ടിടിഇയെ കണ്ടെത്തി ഒഴിവുണ്ടെങ്കില്‍ സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ മിനിറ്റു മാത്രം സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ ടിടിഇയെ കണ്ടെത്തി ടിക്കറ്റ് മാറ്റി വാങ്ങിയശേഷം കയറുകയെന്നതു പ്രായോഗികമല്ല. അല്ലാതെ കയറുന്ന യാത്രക്കാരില്‍നിന്നു ടിക്കറ്റെടുക്കാത്തവര്‍ എന്ന പേരില്‍ ഫൈന്‍ ഈടാക്കും. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് വ്യാപകമായി വിമര്‍ശം ഉയര്‍ന്നു. സീനിയര്‍ സിറ്റിസണ്‍സിന് നല്‍കുന്ന പകുതിചാര്‍ജ് ആനുകൂല്യവും പുതിയ തീരുമാന പ്രകാരം ഇല്ലാതാകുമെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ റെയില്‍വെ തീരുമാനം റദ്ദാക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: