മിനാ ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി

 

ന്യൂഡല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി. മലയാളികളായ അഞ്ചു പേരുള്‍പ്പെടെ ഏഴു പേരുടെ മൃതദേഹങ്ങളാണു ഞായറാഴ്ച തിരിച്ചറിഞ്ഞത്. മുനീര്‍, ആമിനാ ബീവി, അബ്ദുള്‍ റഹ്മാന്‍, പി.വി. കുഞ്ഞുമോന്‍, മോയ്ദിന്‍ അബ്ദുള്‍ ഖാദര്‍ എന്നിവരാണു മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഒരാള്‍ യുപി സ്വദേശിയും മറ്റൊരാള്‍ ജാര്‍ഖണ്ഡുകാരനുമാണ്.

സൗദി അറേബ്യയിലെ മിനായില്‍ വ്യാഴാഴ്ച തിക്കിലും തിരക്കിലും 769 ഹജ്ജ് തീര്‍ഥാടകരാണു മരിച്ചത്. 934 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരാണ്. 717 പേര്‍ മരിച്ചെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. ദുരന്തത്തിന്റെ പേരില്‍ അന്തര്‍ദേശീയ കോടതിയില്‍ സൗദിക്ക് എതിരേ നിയമനടപടിക്ക് ഇറാന്‍ ഒരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ഇറാനില്‍നിന്നുള്ള 136 തീര്‍ഥാടകര്‍ മരിച്ചു. 102 പേര്‍ക്കു പരിക്കേറ്റു. 344 പേരെ കാണാതായിട്ടുണ്ട്. ലബനനിലെ മുന്‍ സ്ഥാനപതിയും കാണാതായവരില്‍ ഉള്‍പ്പെടുന്നതായി ഇറാന്‍ ടിവി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: