പ്രൊഫൈല്‍ ത്രിവര്‍ണമാക്കിയാല്‍, ഇന്റര്‍നെറ്റ് ഓര്‍ഗിനുള്ള പിന്തുണയാകില്ലെന്നു ഫേസ്ബുക്ക്

 

ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക് അറിയിച്ചു. പ്രമുഖ മാധ്യമമായ ഹഫിംഗ്ടണ്‍പോസ്റ്റാണ് ഫേസ്ബുക്ക് വക്താവിന്റെ സ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നടത്തിയ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നു പിന്നാലെ ആരോപണവുമായി ലക്ഷങ്ങളാണു രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ത്രിവര്‍ണപ്രൊഫൈല്‍ പിക് ആപ്പാണ് വിവാദമായത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണപതാകയുടെ നിറമാക്കിയിരുന്നു. എന്നാല്‍ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നു കാണപ്പെട്ടതോടെ സംഭവം വിവാദമായി. ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നേടിയെടുക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് സാങ്കേതികവിദഗ്ധര്‍ ആരോപിച്ചു.

എന്നാല്‍ കോഡ് തയാറാക്കിയ ജീവനക്കാരുടെ ഭാഗത്തുനിന്നു വന്ന പിഴവാണിതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കാരായ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍, അത് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനുള്ള പിന്തുണയായി കണക്കാക്കില്ല. ഉപയോക്താക്കള്‍ക്കുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉടന്‍ തന്നെ കോഡില്‍ മാറ്റം വരുത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: