ബീഫ് കഴിച്ചെന്ന് ആരോപിച്ച് കൊലപാതകം… പിടിക്കപ്പെട്ടവര്‍ നിരപരാധികളെന്ന് ബിജെപി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത ഗ്രാമത്തില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആറു പ്രതികളെ വിട്ടയക്കണമെന്ന് ബി.ജെ.പി. ഗോ വധം നടത്തിയവര്‍ക്കും അത് കഴിച്ചവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ധൂം മണിക്പൂര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ബി.ജെ.പി വിളിച്ചു ചേര്‍ത്ത യോഗം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തില്‍ ബി.ജെ.പി നേതാക്കളായ മുന്‍ മന്ത്രി നവാബ് സിംഗ് നഗര്‍, ശ്രീ ചന്ദ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

കൊലക്കേസില്‍ അറസ്റ്റ് ചെയ്തവരെല്ലാം നിരപരാധികളാണെന്നും അവരെ ഉടനടി വിട്ടയക്കണമെന്നും ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് വിചിത്ര തോമാര്‍ ആവശ്യപ്പെട്ടു. യു.പി സര്‍ക്കാറിന്റെ കഴിവു കേടാണ് സംഭവത്തിന് ഇടയാക്കിയത്. ഗോവധം നടത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തോമര്‍ ആവശ്യപ്പെട്ടു.

ജി.ബി നഗര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ രണ്ടു മണിക്കൂറോളം നീണ്ട യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭരണകൂടവും സര്‍ക്കാറും നീതി നല്‍കാത്ത പക്ഷം ഒക്ടോബര്‍ 11ന് മഹാ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും തോമര്‍ അറിയിച്ചു.ഇക്കാര്യത്തില്‍ നാട്ടുകാരുടെ പിന്തുണ തേടി ഗ്രാമവാസികളെ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനകം 11 ഗ്രാമങ്ങളുടെ പിന്തുണ നേടി. മറ്റ് ഗ്രാമവാസികളുടെ പിന്തുണ നേടിയ ശേഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: