ഫീസ് അടയ്ക്കാന്‍ പണമില്ല; മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 10-ാം ക്ലാസുകാരന്‍ ജീവനൊടുക്കി

ഹൈദരാബാദ്: സ്‌കൂള്‍ ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ 15 വയസുകാരന്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. സന്തോഷ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥിയാണ് ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വന്തം മൊബൈല്‍ ഫോണില്‍ ആത്മഹത്യക്കുള്ള കാരണം റെക്കോര്‍ഡ് ചെയ്താണ് സന്തോഷ് ജിവനൊടുക്കിയത്.

അമ്മയെ വിളിച്ചു കൊണ്ടാരംഭിക്കുന്ന വീഡിയോയില്‍ തന്നെ ഇനി കാത്തിരിക്കരുതെന്നും താന്‍ പോവുകയാണെന്നും പറയുന്നു. അധ്യാപിക സ്‌കൂള്‍ ഫീസ് ആവശ്യപ്പെട്ടെന്നും നല്‍കാത്തവരെ ക്ലാസിനു പുറത്തു നിര്‍ത്തിയെന്നും പറയുന്ന വീഡിയോയില്‍ ഫീസടക്കാനാവാത്തതില്‍ അടുത്ത പരീക്ഷക്ക് താന്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. താന്‍ എല്ലാ കാര്യങ്ങളും ചിന്തിച്ചുവെന്നും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും സന്തോഷ് പറയുന്നു. 7000 രൂപയാണ് സന്തോഷിന്റെ സ്‌കൂള്‍ ഫീസ്. സാധാരണ 5000 രൂപയാണ് സന്തോഷ് ഫീസടക്കാറുള്ളത്. എന്നാല്‍ ഇത്തവണ വര്‍ധിച്ച ഫീസ് അടക്കാാനാവാത്തതില്‍ സെപ്തംബര്‍ 30ന് അധ്യാപകന്‍ സന്തോഷിനെ മര്‍ദിച്ചിരുന്നു. ബാക്കിയുള്ള ഫീസ് ഉടന്‍ തന്നെ അടക്കാമെന്ന് സ്‌കൂളില്‍ അറിയിച്ചിരുന്നെന്നും ഇക്കാര്യം ബുധനാഴ്ച്ച മകനോടു പറഞ്ഞിരുന്നെന്നും സന്തോഷിന്റെ പിതാവ് ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

ബുധനാഴ്ച്ച ഉച്ചഭക്ഷണം കഴിക്കാന്‍ വന്ന സന്തോഷ് ആത്മഹത്യ വീഡിയോയെക്കുറിച്ച് വീട്ടില്‍ കുറിപ്പ് എഴുതി വെച്ച ശേഷം പുറത്തു പോവുകയായിരുന്നു. സന്തോഷിന്റെ കുറിപ്പു കണ്ട് പരിഭ്രാന്തരായ രക്ഷിതാക്കള്‍ ബന്ധു വീടുകളില്‍ അന്വേഷിക്കുകയും ധര്‍മരത്തെ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം ധര്‍മരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ പെഡപ്പള്ളി റെയില്‍വേ സ്‌റ്റേഷനു സമീപം സന്തോഷിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഫീസടക്കാത്തതിനാല്‍ തങ്ങളെ അധ്യാപകര്‍ മര്‍ദിച്ചിരുന്നെന്ന് 11 വിദ്ധ്യാര്‍ഥികള്‍ അന്വേഷണ കമീഷന്റെ മുമ്പില്‍ വെളിപ്പെടുത്തി. സ്‌കൂളിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്ന ഡെപ്യൂട്ടി പൊലിസ് സുപ്രണ്ട് പറഞ്ഞു. സ്‌കൂളിനെതിരെ നടപടി എടുക്കാന്‍ ഉപമുഖ്യ മന്ത്രി കടിയം ശ്രീഹരി ഡിഇഒ യെ ചുമതലപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: