മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ കാലിഫോര്‍ണിയയില്‍ വഞ്ചനാകുറ്റത്തിന് കേസ്

സാന്‍ ജോസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ കാലിഫോര്‍ണിയയില്‍ വഞ്ചനാകുറ്റത്തിന് കേസ്.

മിര്‍സിയ വോസ്‌കെറീഷ്യന്‍ എന്ന ഡെവലപ്പറാണ് സുക്കര്‍ബര്‍ഗിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 2012ലെ ഭൂമി ഇടപാടിന്റെ ഭാഗമായി സുക്കര്‍ബര്‍ഗ് സിലിക്കണ്‍വാലിയില്‍ ബിസിനസ് പ്രോജക്ടിന് സഹായം ചെയ്യാമെന്നും ഇതിനാവശ്യമായ വ്യക്തികളെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായാണ് ആരോപണം. അതേ സമയം കേസ് തള്ളണമെന്ന സുക്കര്‍ബര്‍ഗിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സുക്കര്‍ബര്‍ഗിന്റെ വീടിന് പുറകിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടാണ് കേസ്. 1.7 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് സുക്കര്‍ബര്‍ഗും അയല്‍ക്കാരനും തമ്മിലുള്ളത്. ഇടപാടിന്റെ ഭാഗമായി ഭൂമി വിലയില്‍ നാല്‍പ്പത് ശതമാനം ഇളവ് നല്‍കിയെന്നും എന്നാല്‍ പ്രോജക്ടുകള്‍ക്ക് സഹായം നല്‍കാമെന്ന വാഗ്ദാനം പാലിയ്ക്കാന്‍ സുക്കര്‍ബര്‍ഗ് തയ്യാറായില്ലെന്നും വൊസ്‌കെറീഷ്യന്‍ പറയുന്നു.

അതേ സമയം വൊസ്‌കെറീഷ്യന്റെ അഭിഭാഷകന്‍ ഡേവിഡ് ഡ്രാപ്പര്‍ കേസില്‍ നിന്ന് പിന്മാറിയത് ശ്രദ്ധേയമായി. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് ഡ്രാപ്പറുടെ പിന്മാറ്റം. സുക്കര്‍ബര്‍ഗിന്റെ ഭാഗം കൂടി കേട്ടതിന് ശേഷം കോടതി വിധി പ്രസ്താവിയ്ക്കും.

Share this news

Leave a Reply

%d bloggers like this: