കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്ധമായ യു.ഡി.എഫ് വിരോധമാണ് സി.പി.എമ്മിനെ ഈ നിലയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പരിപാടികളോട് സി.പി.എം മുഖം തിരിക്കുകയാണ്. ജനങ്ങള്‍ക്ക് ദോഷം ചെയ്യുന്ന പദ്ധതികളെ എതിര്‍ത്തിരുന്നെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍. കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടുമുള്ള അന്ധമായ വിരോധം കാരണം സകല വികസന പദ്ധതികളേയും സി.പി.എം എതിര്‍ക്കുകയാണ്. 2006ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് ജയിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.എം ആലോചിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബി.ജെ.പിയും ജനങ്ങളില്‍ നിന്ന് അകലുകയാണ്. അവരുടെ വാക്കും പ്രവര്‍ത്തികളും തമ്മില്‍ ബന്ധമില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആ ബി.ജെ.പിയാണ് കേരളത്തില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ ശ്രമത്തെ കേരളം തള്ളിക്കളയും. കേരളം ഒരിക്കലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാനും യു.ഡി.എഫ് പ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്താല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും യു.ഡി.എഫിലില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വന്പിച്ച വിജയം തിരഞ്ഞെടുപ്പില്‍ നേടുമെന്ന കാര്യത്തില്‍ സംശയമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: