അക്ഷര ലോകത്ത് പ്രതിഷേധം തുടരുന്നു, പഞ്ചാബ് സാഹിത്യകാരന്‍ ഗുര്‍ബചന്‍ സിംഗ് ബുള്ളാര്‍ പുരസ്‌കാരം തിരികെ നല്‍കി

 

ദില്ലി: പഞ്ചാബ് സാഹിത്യകാരന്‍ ഗുര്‍ബചന്‍ സിംഗ് ബുള്ളാര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കി. അഗ്‌നി കലാസ് എന്ന ചെറുകഥാ സമാഹരത്തിന് 2005ല്‍ ലഭിച്ച പുരസ്‌കാരമാണ് തിരികെ നല്‍കിയത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചും കല്‍ബുര്‍ഗി ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാരുടെ കൊലപാതകത്തില്‍ അക്കാദമി മൗനം തുടരുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനമെന്ന് ബുള്ളാര്‍ അറിയിച്ചു.

അക്കാദമി പുരസ്‌കാരം തിരികെ നല്‍കുന്ന അഞ്ചാമത്തെ സാഹിത്യകാരനാണ് ബുള്ളാര്‍. കഴിഞ്ഞ ദിവസം കവി സച്ചിദാന്ദന്‍ അക്കാദമി സ്ഥാനങ്ങള്‍ രാജി വച്ചും സാറാ ജോസഫ് പുരസ്‌കാരം തിരികെ നല്‍കിയും പ്രതിഷേധിച്ചിരുന്നു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. അവാര്‍ഡായി ലഭിച്ച 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാജോസഫ് അഭിപ്രായപ്പെട്ടു. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: