കൈക്കൂലി: ഒളികാമറയില്‍ കുടുങ്ങിയ ബിഹാര്‍ മന്ത്രിയെ പുറത്താക്കി

പട്‌ന: ബിഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് സംസ്ഥാനമന്ത്രിസഭയിലെ പ്രമുഖന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഒളികാമറയില്‍ കുടുങ്ങി രാജിവെച്ചു. നഗരവികസന മന്ത്രി അവധേഷ് കുശ്‌വാഹയെ കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പുറത്താക്കി. പടിഞ്ഞാറന്‍ ചംബാരനിലെ പിപ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ.ഡി.യു എം.എല്‍.എയാണ് കുശവാഹ. അടുത്ത തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ കരാറുകള്‍ നല്‍കാമെന്ന ഉറപ്പില്‍ കോഴപ്പണം കൈപ്പറ്റിയെന്നാണ് ആരോപണം. മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരെന്ന് പരിചയപ്പെടുത്തിയവര്‍ നല്‍കിയ നാല് ലക്ഷം രൂപയുടെ കോഴപ്പണമാണ് മന്ത്രിയെ കുടുക്കിയത്.

എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ആരാണ് കൈക്കൂലി കൊടുക്കുന്നതെന്ന് വ്യക്തമല്ല. അതോടൊപ്പം മന്ത്രിയുടെ ശബ്ദവും വ്യക്തമല്ല. ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോഡിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ അഴിമതിയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുശവാഹയോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പിപ്രയില്‍ നിന്ന് കുശവാഹയെ ഈ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാക്കിയ തീരുമാനവും പാര്‍ട്ടി പിന്‍വലിച്ചു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ കുശവാഹ നിഷേധിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: